പെഗാസസ് ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിലും, വിദഗ്ധ സമിതിയുടെ കാര്യത്തിലും അതൃപ്തിയുമായി സുപ്രീംകോടതി.ആരോപണങ്ങൾ തള്ളിക്കളഞ്ഞു നൽകിയ സത്യവാങ്മൂലത്തിൽ വിദഗ്‌ധ സമിതിയെ
രൂപീകരിക്കുമെന്ന് പറഞ്ഞ കേന്ദ്രം പെഗാസസ് വാങ്ങിയോ എന്ന് വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല.ഇക്കാര്യം ചോദ്യം ചെയ്ത കോടതി അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയുമോ എന്നും സോളിസിറ്റർ ജനറലിനോട് ചോദിച്ചു. ഹർജികളിൽ നാളെ വീണ്ടും വാദം തുടരും.
പെഗാസസ് ഫോൺ ചോർത്തലിൽ ആരോപണങ്ങൾ നിഷേധിച്ചാണ് ഐ.ടി മന്ത്രാലയം രണ്ട് പേജുള്ള സത്യവാങ്മൂലം നൽകിയത്.ഹർജികൾ ഊഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരിച്ച കേന്ദ്രസർക്കാർ
പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആരെയും നിരീക്ഷിച്ചിട്ടില്ലെന്നും,വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട എല്ലാ വശവും വിദഗ്ധ സമിതി പരിശോധിക്കുമെന്നും അറിയിച്ചു.
ഇതിന് പുറമെ പാർലമെന്റിൽ ഐ.ടി മന്ത്രി നടത്തിയ പ്രസ്താവനയുടെ പകർപ്പും കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി.എന്നാൽ വിദഗ്ധ സമിതി രൂപീകരിക്കുന്നതിൽ വലിയ എതിർപ്പ് ഹർജിക്കാർ ഉന്നയിച്ചു. പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയോ എന്നതിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തത വരുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കപിൽ സിബൽ പെഗാസസ് ഉപയോഗിച്ചിട്ടില്ലെങ്കിൽ വിദഗ്ധ സമിതിയുടെ തന്നെ ആവശ്യമില്ലെന്നും പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ വിദഗ്ധ സമിതിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും ചോദ്യം ഉന്നയിച്ചു.
ഇതിന് പുറമെ സുപ്രീംകോടതിയും സത്യവാങ്മൂലത്തിലും സമിതിയുടെ കാര്യത്തിലും ചോദ്യങ്ങൾ ഉന്നയിച്ചത് കേന്ദ്രസർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കി.പെഗാസസ് വാങ്ങിയോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും എന്തുകൊണ്ടാണ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാത്തതെന്നും ചോദിച്ച കോടതി പറയാനുള്ളത് മുഴുവൻ സത്യവാങ്മൂലത്തിൽ പറയാനും നിർദേശിച്ചു.അതേ സമയം വിദഗ്ധ സമിതിയുടെ കാര്യത്തിൽ രണ്ട് വിഷയങ്ങളാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ ഇല്ലയോ എന്നത് വിദഗ്ധർക്ക് പരിശോധിക്കാം. രണ്ടാമതായി ഇതിനുള്ള അനുവാദം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണമെന്നും ഇതാര് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ചോദ്യം ഉന്നയിച്ചു.എന്നാൽ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെന്നു പറന്നു ഒഴിഞ്ഞുമാറുന്ന നിലപാടാണ് സോളിസിറ്റർ ജനറൽ സ്വീകരിച്ചത്.അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയുമോയെന്ന് നാളെ അറിയിക്കാൻ സോളിസിറ്റർ ജനറലിന് സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.