‘കപ്പേള’യുടെ അന്യഭാഷ റീമേക്കുകള്‍ തടഞ്ഞു കൊണ്ട് കോടതി

കൊറോണകാലത്ത് തിയറ്ററില്‍ റിലീസായ ഏതാനും ചില ചിത്രങ്ങളിലൊന്നായിരുന്നു നവാഗത സംവിധായകന്‍ മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’. ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, അന്ന ബെന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രത്തിന്റെ തെലുങ്ക് ഉള്‍പ്പെടെയുള്ള അന്യഭാഷ റീമേക്കുകള്‍ കോടതി തടഞ്ഞു. സിനിമയുടെ സഹ എഴുത്തുകാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ സ്റ്റേ.

ചതിക്കാനോ ചതിക്കപ്പെടാനോ അല്ല ആരും ആരെയും സഹായിക്കുന്നത്. അവരുടെ സാഹചര്യവും സ്വാര്‍ത്ഥതയും അതിനുകാരണമാവുമ്പോള്‍ പിന്നെ സത്യം പുറത്തുവരാന്‍ തെളിവുസഹിതം നിയമപരമായി നേരിടാന്‍ നമുക്ക് കഴിയൂ. ‘കപ്പേള’ സഹ എഴുത്തുകാരായ സുദാസും നിഖിലും പറഞ്ഞിരിക്കുകയാണ്.

ആരെയും മോശമായി ചിത്രീകരിക്കാനോ, അവരുടെ കഴിവുകേടുകള്‍ അണ്ടെര്‍ലൈന്‍ചെയ്ത് കാണിക്കാനോ അല്ല ഞങ്ങളുടെ ഉദ്ദേശം, ഇനിയും ഇത്തരം പ്രവര്‍ത്തിയോ എന്തിന്, ചിന്തകള്‍ പോലും അവരുടെ മനസ്സില്‍ ഉദിക്കാതിരിക്കാന്‍ വേണ്ടി കൂടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത് സത്യം ഞങ്ങളുടെ പക്ഷത്തായത് കൊണ്ട് ഞങ്ങള്‍ക്ക് പേടിക്കാനൊന്നും തന്നെയില്ല, കോടതിക്ക് അത് ബോധ്യമാവുകയും ചെയ്തത് കൊണ്ടാണ് ഇത്തരമൊരു സ്റ്റേ കോടതി നല്‍കിയത്.

ചിലപ്പോള്‍ ചോദിച്ചേക്കാം സിനിമ റിലീസായിട്ട് കുറെകാലമായില്ലേ ഇപ്പോഴാണോ ഇത് പറയുന്നത് ? കോടതിയിലേക്കൊക്കെ മുന്‍പേ പോവാമായിരുന്നില്ലേ ? ഒരു കഥയോ തിരക്കഥയോ ഒക്കെ എഴുതികൊടുക്കുമ്പോള്‍ മുന്‍കൂര്‍ ധാരണയും എഗ്രിമെന്റും ഒക്കെ വെയ്ക്കേണ്ടേ എന്നൊക്ക?…
എല്ലാം ഉണ്ടായിരുന്നു, ഷൂട്ടിംഗ് തുടങ്ങി നാല്പതാം ദിവസം അത്തരം ഒരു എഗ്രിമെന്റ് ഫോര്‍മാറ്റും അയച്ചുതന്നിരുന്നു ഞങ്ങള്‍ക്ക്.

അതിലെ ചില നിബന്ധനകള്‍ നമുക്ക് അനുവദിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും അതൊഴിവാക്കി അയക്കണം എന്നും അറിയിച്ചപ്പോള്‍, മറ്റൊരു എഗ്രിമെന്റ് തയ്യാറാക്കി അയക്കാം എന്ന് പറഞ്ഞതല്ലാതെ അത്തരം ഒരു നടപടി അവരുടെഭാഗത്തുനിന്നും പിന്നീട് ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല അപ്പോഴേക്കും കപ്പേളയുടെ മുഴുവന്‍ ഷൂട്ടിംഗ് തീര്‍ന്നതോടെ, ഷൂട്ടിങ്ങിനും മുന്‍പും, ഷൂട്ടിംഗ് നടക്കുമ്പോഴും ഉണ്ടായിരുന്ന റൈറ്റേഴ്‌സ് എന്ന ക്രെഡിറ്റില്‍ നിന്നും ഞങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ബുദ്ധിയുമായാണ് പ്രൊഡക്ഷനും ഡയറക്ടറും നീങ്ങിയത്.

ഓരോസമയത്തും മാറിമാറി വന്ന പോസ്റ്ററുകള്‍ ശ്രദ്ധിച്ചാല്‍ തെന്നെ നിങ്ങള്‍ക്കിത് മനസിലാവുന്നതാണ്. ഇതിനെപറ്റി ചോദിച്ചപ്പോള്‍ ഒരു വ്യക്തമായ മറുപടി തരാതെ ഒരാള്‍ മറ്റൊരാളെ കുറ്റം പറഞ്ഞുഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നത്.

ഒരു കഥയും തിരക്കഥയും മാത്രം പോരല്ലോ ഒരു കഥയും സിനിമയാവാന്‍, അതിനു പണവും ആവശ്യമുണ്ട് എന്ന് നല്ല ബോധ്യം ഉള്ളതുകൊണ്ടും, കഴിഞ്ഞ രണ്ടുകൊല്ലത്തോളമായി സിനിമാമേഖലയിലുള്ള തകര്‍ച്ചയും നേരില്‍ കാണുകയും ചെയ്തത് കൊണ്ടാണ് കപ്പേള എന്ന സിനിമയുടെ മലയാള പതിപ്പിനുനേരെ ഒരു തരത്തിലുള്ള നിയമനടപടികള്‍ക്കും മുതിരാതിരുന്നത്.

ഇന്നിപ്പോള്‍ മറ്റുഭാഷകളിലേക്കുള്ള കപ്പേളയുടെ റീമേക്കുകള്‍ ഞങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇവര്‍ വില്‍ക്കാന്‍ തുടങ്ങുമ്പോള്‍ അതില്‍ ഞങ്ങള്‍ ചതിക്കപ്പെടുന്നത് വെറും പണത്തില്‍ മാത്രമല്ല ഞങ്ങളുടെ അവകാശം കൂടെയാണ് സംരക്ഷിക്കാതെ പോവുന്നത്. അത് സമ്മതിച്ചുകൊടുക്കാന്‍ കഴിയാത്തതാണ്.

എത്രയോ നല്ല സിനിമകള്‍,എത്രയോ നല്ല പ്രൊഡ്യൂസര്‍ മാറും ഡയറക്ടര്‍സും ഉള്ള ഈ മലയാളത്തില്‍ നിന്നും അന്യ ഭാഷകളിലേക്ക് പോവുമ്പോള്‍ അത് എഴുതാന്‍ കഷ്ടപ്പെട്ട മലയാളത്തിലെ എഴുത്തുകാരും അറിഞ്ഞുകൊണ്ടാണിതെല്ലാം തന്നെ നടക്കുന്നത്. അത്തരമൊരു നീക്കത്തിനുപകരം തങ്ങളെ അതില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ഇവിടെ നീതിക്കുവേണ്ടി കോടതികയറേണ്ടതായി ഞങ്ങള്‍ക്ക് വന്നത്.

അഡ്വക്കേറ്റ് സുകേഷ് റോയ് ആണ്, ഇത്തരം ഒരു സ്റ്റേ ഓര്‍ഡര്‍ സുദാസിനുവേണ്ടി എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് -5 കോടതിയില്‍ ,അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് ഡി.സുഭദ്രാമ്മ മുഖേനെ ഹാജരായി സത്യം ബോധിപ്പിച്ചു നേടിയെടുത്തത്.

സഹ എഴുത്തുകാരില്‍ ല്‍ ഒരാളായ നിഖിലും അന്യഭാഷകളിലേക്കുള്ള കപ്പേളയുടെ പകര്‍പ്പവകാശം വില്‍ക്കപെട്ടത് തന്റെയും സമ്മതമില്ലാതെയാണെന്നുള്ള വാദവുമായി ഇതേ കോടതിയില്‍ തന്നെ എത്തിയിട്ടുണ്ട്. നിഖിലിന്റെ അഭിഭാഷകന്‍ അഡ്വ. മാര്‍ട്ടിന്‍ ചാക്കോയാണ്. അതിന്റെയും തുടര്‍നടപടികള്‍ കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News