നവാസിനെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദം ശക്തമാക്കി ലീഗ്‌ നേതൃത്വം

പി കെ നവാസിനെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദം ശക്തമാക്കി ലീഗ്‌ നേതൃത്വം. പരാതി പിൻവലിച്ചാലേ പ്രശ്നത്തിൽ ഇനി ചർച്ചയുള്ളൂവെന്ന് ലീഗ് വ്യക്തമാക്കി. പരാതിക്കാർക്കെതിരെ അച്ചടക്ക നടപടിയിലേക്ക്‌ കടക്കാനാണ്‌ നേതൃത്വം ആലോചിക്കുന്നത്‌.അതേസമയം ഹരിത ഭാരവാഹികൾ നടപടിയാവശ്യപ്പെട്ട്‌ ശക്തമായ നിലപാടിൽ തന്നെയാണ്‌.

നാളെ രാവിലെയോടെ പരാതി പിൻവലിക്കണമെന്നാണ് ഹരിത നേതാക്കളോട് ലീ​ഗ് നേതൃത്വം ആവശ്യപ്പെട്ടത്. വനിതാ കമ്മീഷന് നൽകിയിരിക്കുന്ന പരാതി പിൻവലിച്ചാൽ പികെ നവാസിനെ പരസ്യമായി ശാസിക്കാം എന്നായിരുന്നു ലീ​ഗ് നേതാക്കളുടെ വാഗ്ദാനം.

ഹരിത നേതാക്കളുമായി പാണക്കാട് വെച്ച് ചേർന്ന ചർച്ചയിലായിരുന്നു ഈ നിലപാട്‌. ഹരിത-എംഎസ്എഫ് വിവാദത്തിൽ അന്തിമ തീരുമാനം നാളെ സ്വീകരിക്കാനാണ്‌ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്‌. പരാതി പിൻവലിച്ചില്ലെങ്കിൽ ഹരിത നേതാക്കൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും.

പികെ നവാസിനെ സംരക്ഷിക്കുന്ന നിലപാട്‌ നേതൃത്വം ആവർത്തിക്കുകയാണ്‌. ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണെന്നും നടപടിയുണ്ടാകുമെന്നും പിഎംഎ സലാം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് നടന്ന ചർച്ചയിലും വനിതാ നേതാക്കൾ നിലപാട്‌ ആവർത്തിച്ചു.

പി കെ നവാസ്‌ ഭീഷണിപ്പെടുത്തിയാൽ എന്തിനാണ്‌ നേതൃത്വം വഴങ്ങുന്നതെന്ന് അവർ യോഗത്തിൽ ചോദിച്ചു.നടപടിയുണ്ടായാൽ പരാതി പിൻവലിക്കാൻ തയ്യാറാണെന്ന സൂചനയും ഹരിത ഭാരവാഹികൾ നൽകിയതായാണ്‌ വിവരം. മുനവറലി തങ്ങൾ അനുകൂല നിലപാട്‌ ഹരിതയോട്‌ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നതിൽ കാര്യമില്ലെന്ന് ലീഗ്‌ നേതാക്കൾ അറിയിക്കുകയായിരുന്നു.

ഒടുവിൽ പരാതിക്കാർക്കെതിരെ നടപടിയെടുക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട നിലപാട്‌ സംബന്ധിച്ച്‌ വനിതാ നേതാക്കൾ ആലോചിക്കുകയാണ്‌. ശക്തമായ സമ്മർദ്ദം പലകോണുകളിൽ നിന്നുണ്ടാവുമ്പോഴും ലൈംഗികാധിക്ഷേപ പരാതിയിൽ ഇതുവരെയും ശക്തമായ നിലപാടുമായാണ്‌ അവർ മുന്നോട്ട്‌ പോയത്‌. എന്നാൽ ലീഗിനെക്കൂടി വെട്ടിലാക്കി പ്രശ്നം കൈവിട്ടതോടെ
ഏതുവിധേനയും ഒത്തുതീർപ്പ്‌ ആലോചിക്കുകയാണ്‌ എം എസ്‌ എഫ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here