ജനാധിപത്യത്തെ ദുർബലമാക്കുന്ന ബിജെപി നയങ്ങൾക്കെതിരെ അണിചേരുക: സിപിഐഎം

പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ബിജെപി നയങ്ങളുടെ നഗ്നമായ പ്രദർശനമാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ദൃശ്യമായതെന്ന്‌ സിപിഐഎം. ജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ബിജെപിയുടെ ഈ നിലപാടിനെതിരെ ശബ്ദം ഉയർത്താൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആഹ്വാനം ചെയ്‌തു.

സുപ്രധാന ബില്ലുകൾ പാർലമെന്റ് സ്റ്റാന്റിങ്‌ കമ്മിറ്റികളുടെ പരിശോധന കൂടാതെ പാസ്സാക്കരുത് എന്ന പ്രതിപക്ഷ ആവശ്യം സർക്കാർ ചെവിക്കൊണ്ടില്ല. ജനങ്ങളേയും രാഷ്ട്ര താത്പര്യങ്ങളേയും ഗുരുതരമായി ബാധിക്കുന്ന വൈദ്യുതി ഭേദഗതി ബില്‍, എസൻഷ്യൽ സർവ്വീസ് പണിമുടക്ക് നിരോധന ബില്‍, ഇൻസോൾവൻസി ആൻഡ്‌ ബാങ്ക് റെപ്റ്റസി കോഡ് ഭേദഗതി ബിൽ, ജനറൽ ഇൻഷുറൻസ്, സ്വകാര്യവത്ക്കരണ ബില്‍ എന്നിവ സ്റ്റാന്റിങ്‌ കമ്മിറ്റിയ്ക്കോ, സെലക്ട് കമ്മിറ്റിയ്ക്കോ റെഫർ ചെയ്യണമെന്ന് 14 പ്രതിപക്ഷ പാർട്ടികൾ തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു.

2014 ൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വന്ന ശേഷം പാർലമെന്ററി സ്‌ക്രൂ‌ട്ടിണി ഇല്ലാതെയാണ് പല ബില്ലുകളും പാസ്സാക്കുന്നത്. 2014 ന് ശേഷം പാർലമെന്റ് പാസ്സാക്കിയ ബില്ലുകളുടെ 10 ശതമാനം മാത്രമാണ് സ്റ്റാന്റിങ്‌ കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. വിവാദമായ കാർഷിക നിയമങ്ങൾ പോലും സ്റ്റാന്റിങ്‌ കമ്മിറ്റിയ്ക്ക് വിട്ടിരുന്നില്ല.

മുൻ സർക്കാരുകളുടെ കാലത്ത് 70 ശതമാനത്തോളം ബില്ലുകൾ സ്റ്റാന്റിങ്‌ കമ്മിറ്റിയ്ക്ക് വിട്ട അനുഭവമുണ്ട്. ഈ കീഴ്‌വ‌ഴക്കങ്ങളൊന്നും ബിജെപി മാനിക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യാൻ അവസരം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പൗരന്മാരുടെ രഹസ്യം ചോർത്തിയ പെഗാസസ് ചാര സോഫ്‌റ്റ് വെയറിന്റെ വിനിയോഗം, വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷക സമര സമിതിയുടെ ആവശ്യം, ഗുരുതരമായ വിലക്കയറ്റം, തൊഴിലില്ലായ്‌മ, സാമ്പത്തിക തകർച്ച എന്നീ വിഷയങ്ങളാണ് പ്രതിപക്ഷം ചർച്ചയ്‌ക്കാ‌യി നിർദ്ദേശിച്ചത്. അത് സർക്കാർ അംഗീകരിച്ചില്ല. നേരത്തെ തയ്യാറാക്കിയ ബില്ലുകൾ പാസ്സാക്കൽ മാത്രമായിരുന്നു സർക്കാരിന് താത്പര്യം.

പ്രതിപക്ഷത്തെ അവഗണിച്ചു കൊണ്ടും കീഴ്‌വ‌ഴക്കങ്ങൽ ലംഘിച്ചും പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധിക്കാൻ 14 പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് തീരുമാനിച്ചു. തുടർന്ന് ഇരുസഭകളിലും ബഹളമുണ്ടായി. ബഹളങ്ങൾക്കിടയിൽ, ചർച്ച കൂടാതെ ബില്ലുകൾ പാസ്സാക്കാനുള്ള ധൃതിയിലായിരുന്നു സർക്കാർ.

പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നടത്തിയ പ്രതിഷേധത്തെ അധിക്ഷേപിക്കാനാണ് സർക്കാർ പ്രതിനിധികൾ ശ്രമിച്ചത്. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തി അധിക്ഷേപിച്ചു കൊണ്ട് പാർലമെന്ററികാര്യ സഹമന്ത്രി പ്രസ്‌താവന ഇറക്കി. പാർലമെന്റിലെ അംഗസംഖ്യ കുറവാണെങ്കിലും ഇടതുപക്ഷം സ്വീകരിക്കുന്ന ഉറച്ച നിലപാടുകൾ, ബിജെപി സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷ അംഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാരുടെ പേരിൽ നടപടി സ്വീകരിക്കുമെന്നാണ് സർക്കാരും രാജ്യസഭാ ചെയർമാനും ഭീഷണിപ്പെടുത്തുന്നത്.

പാർലമെന്റിന്റെ ഇന്നത്തെ അവസ്ഥയിൽ സ്വാതന്ത്ര്യദിനാചരണ ചടങ്ങിൽ പ്രസംഗിക്കവേ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രമണ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ചർച്ചകൾ കൂടാതെയുള്ള നിയമ നിർമ്മാണത്തെ കുറിച്ചാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷം ഉയർത്തുന്ന വിമർശനം ശരിവെയ്ക്കുന്നതാണ്, ചീഫ് ജസ്റ്റിസ്സിന്റെ പരസ്യ പരാമർശം.

പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ശബ്ദം ഉയർത്താൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News