21ന്റെ നിറവില്‍ കൈരളി; വേറിട്ട ദൃശ്യാനുഭവങ്ങള്‍ മലയാളികളിലേക്കെത്തിച്ച ഒരു ജനതയുടെ ആവിഷ്‌കാരത്തിന് ഇന്ന് ഇരുപത്തിയൊന്നാണ്ട്

ലോകമലയാളിയുടെ വേറിട്ട ചാനലായ കൈരളി ടിവിക്ക് ഇന്ന് 21ാം പിറന്നാള്‍. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ അജണ്ടകള്‍ തീരുമാനിക്കുന്ന കാലത്ത് കൈരളി ഇന്ന് മലയാളിയുടെ അതിജീവനമാണ്. 2020 ഓഗസ്റ്റ് 17… മലയാളി എന്ത് ചിന്തിക്കണമെന്ന് വലതുപക്ഷമാധ്യമങ്ങള്‍ തീരുമാനിച്ച് കാലത്തിന് വിരാമം. രണ്ടരലക്ഷത്തോളം വരുന്ന സാധരണക്കാര്‍ ഉടമസ്ഥരായ മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കൈരളി ചാനല്‍ പിറന്നു.

കഴിഞ്ഞ 21 വര്‍ഷ കാലയളവില്‍ സമ്പൂര്‍ണ്ണവാര്‍ത്താ ചാനല്‍, യുവ പ്രേക്ഷകര്‍ക്കായുളള കൈരളി വി, പ്രവാസി പ്രേക്ഷകര്‍ക്കായുളള കൈരളി അറേബ്യ, കൈരളി ന്യൂസ് ഓണ്‍ലൈന്‍ എന്നിങ്ങനെ മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് പടര്‍ന്ന് മലയാളിയുടെ മാധ്യമലോകത്ത്
പടര്‍ന്ന് പന്തലിച്ചു.

വേറിട്ട നൂറുകണക്കിന് പരിപാടികളിലൂടെ മലയാളിയുടെ ദ്യശ്യബോധത്തിന് പുരോഗമന ദിശാബോധം നല്‍കി. കൈരളി ഇല്ലായിരുന്നെങ്കില്‍ കേരളം തമസ്‌കരിക്കുമായിരുന്ന എത്രയോ സംഭവങ്ങള്‍ ഉണ്ട്. മുത്തങ്ങയില്‍ ആദിവാസികള്‍ക്ക് നേരെ പൊലീസ് നടത്തിയ
നരനായാട്ട് ലോകത്തെ കാണിച്ചത് കൈരളിയാണ്. അധിനിവേശത്തിന്റേയും വര്‍ഗീയതയുടേയും അപകടങ്ങള്‍ കൈരളി മലയാളിയുടെ മുന്നിലെത്തിച്ചു.

കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ടെലഫോണ്‍ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഒരു മന്ത്രി രാജിവെച്ചു. സോളാര്‍, ബാര്‍ കോഴ എന്നിങ്ങനെ കേരളത്തെ ഞെട്ടിച്ച അഴിമതികള്‍ കൈരളി പ്രക്ഷകര്‍ക്ക് മുന്നില്‍ തെളിവുകളോടെ നിരത്തിയപ്പോള്‍ നെല്ലും പതിരും ജനങ്ങള്‍ തിരിച്ചറിഞ്ഞു. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍കടത്ത്, ഈന്തപ്പഴം കടത്ത് എന്നിങ്ങനെ പടച്ചുവിടപ്പെട്ട നുണബോംബുകള്‍ കൈരളിയുടെ സത്യാന്വേഷണങ്ങള്‍ക്ക് മുന്നില്‍പൊട്ടിതകര്‍ന്നു. ഒപ്പം കേരളം ചരിത്രം തിരുത്തി…

കേന്ദ്രം ഭരിക്കുവന്നവരേയും മുഖ്യധാരാ മാധ്യമങ്ങള്‍ ഭയക്കുന്ന കാലമാണിത്. കൊടകരയില്‍ കുഴല്‍പ്പണം കൊണ്ടുവന്നത് ദേശീയ പാര്‍ട്ടിയാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ തിരുത്തി. ആ ദേശീയ പാര്‍ട്ടി ബി ജെ പിയാണെന്നും കുഴല്‍പ്പണം കൊണ്ടുവന്നത് ബി ജെ പിയുടെ ഉന്നത നേതാക്കളാണെന്നും കൈരളി ഉറക്കെ പറഞ്ഞു. മഞ്ചേശ്വരം ബി ജെ പി കോഴ, ബത്തേരി ബി ജെ പി കോഴ, ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് , കെ എം ഷാജിയുടെ അനധികൃതസ്വത്തുക്കള്‍….. എല്ലാം കേരളത്തെ അറിയിച്ചത് കൈരളിയാണ്.

പ്രളയം, നിപ, കൊവിഡ്…പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളും നാശം വിതയ്ക്കുകന്ന കാലം. അസത്യങ്ങളും അര്‍ധസത്യങ്ങളും പെരുപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് പലര്‍ക്കും മാധ്യമ പ്രവര്‍ത്തനമെങ്കില്‍ കൈരളിക്കിത് ജനകീയ ദൗത്യമാണ്. ഞങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കും. നന്മയുടെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കും. വരാനിരിക്കുന്നത് വെല്ലുവിളികളുടെ നാളുകള്‍. കൈരളി എന്നും ജനങ്ങള്‍ക്കൊപ്പം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here