അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് തുറന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാന്‍ സെല്ല് തുറന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിന്റെ ലക്ഷ്യം. +919717785379 എന്ന ഫോണ്‍ നമ്പറിലും MEAHelpdeskIndia@gmail.com എന്ന മെയില്‍ ഐഡിയിലും സഹായം ആവശ്യപ്പെടാം.

അഫ്ഗാന്‍ ജനതയ്ക്ക് സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് യുഎന്‍ രക്ഷാസമിതി അടിയന്തര യോഗത്തില്‍ ഇന്ത്യ പറഞ്ഞിരുന്നു. മനുഷ്യാവകാശം സംരക്ഷിക്കണം എന്ന ശക്തമായ നിലപാടാണ് രക്ഷാസമിതി യോഗത്തില്‍ ഉയര്‍ന്നത്.

അതേസമയം കാബൂളിലെ ഇന്ത്യന്‍ ഏംബസി അടച്ച് ഉദ്യോഗസ്ഥരെ ഒഴുപ്പിക്കാന്‍ ഇന്ത്യ നടപടി ഊര്‍ജിതമാക്കി. ഇന്ത്യന്‍ ഏംബസിയിലുള്ള ഇരുനൂറിലധികം പേരെ ഒഴുപ്പിക്കാന്‍ രണ്ട് വ്യോമസേന വിമാനങ്ങളാണ് കാബൂളിലെത്തിയത്. ഇതില്‍ ഒരു വിമാനം ദില്ലിയില്‍ തിരിച്ചെത്തി. ഒഴുപ്പിക്കല്‍ ഇന്നും തുടരും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

എംബസിയിലെ ബാക്കി ഉദ്യോഗസ്ഥരുമായി അടുത്ത വിമാനം ഉടനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 500 ഓളം ഇന്ത്യക്കാര്‍ കാബൂളില്‍ കുടുങ്ങിയത്.

ഇന്നലെയോടെ കാബൂള്‍ താലിബാന്‍ പിടിച്ചടക്കി പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തിരുന്നു.  തന്ത്രപ്രധാന മേഖലകളെല്ലാം താലിബാന്‍ പിടിച്ചടക്കി. ഇതോടെ അഫ്ഗാനില്‍ നിന്നുള്ള ജനങ്ങളുടെ പലായനത്തിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്. മറ്റു രാജ്യങ്ങളിലുള്ളവരടക്കം അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുകയാണ്.

താലിബാന്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ പ്രസിഡന്‍റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് നാടുവിട്ടു. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യത്ത് നിന്ന് മാറിനില്‍ക്കുന്നതെന്ന് അഷ്റഫ് ഗനി ഫേസ്ബുക്കില്‍ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here