പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; അമരീന്ദര്‍ – സിദ്ദു തര്‍ക്കത്തില്‍ കുരുങ്ങി പാര്‍ട്ടി

പഞ്ചാബില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങും പാര്‍ട്ടി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവുമായുള്ള അഭിപ്രായ ഭിന്നത ദിവസം കൂടും തോറും പരിഹാരമില്ലാതെ സങ്കീര്‍ണ്ണമാവുകയാണ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് കടുത്ത തലവേദനയായി മാറുകയാണ് അമരീന്ദര്‍ – സിദ്ദു തര്‍ക്കം.

പാര്‍ട്ടി സംസ്ഥാന സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പരഗത് സിങിനെ സിദ്ദു നിയോഗിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. മുഖ്യമന്ത്രി അമരീന്ദറിന് അനഭിമതനായ പരഗതിന്റെ നിയമനത്തിലൂടെ സിദ്ദു ഉയര്‍ത്തുന്നത് കടുത്തവെല്ലുവിളിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ പുതിയതായി പ്രഖ്യാപിക്കപ്പെട്ട പല ഭാരവാഹികളും അമരീന്ദര്‍ വിമര്‍ശകരാണെന്ന പ്രത്യേകത കൂടിയുണ്ട്.

കഴിഞ്ഞയാഴ്ച സിദ്ദു സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വിമര്‍ശനം ഉയര്‍ത്തുന്നതിനെതിരെ അമരീന്ദര്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയേയും ധരിപ്പിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ പരഗതിനെ പാര്‍ട്ടിയില്‍ പുതിയ പദവി നല്കി സിദ്ദു കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ് ചെയ്തത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ കൂടുതല്‍ അസ്വസ്ഥനാണെന്നാണ് വിലയിരുത്തുന്നത്. അതിനിടെ പരഗതിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് ജലവിഭവവികസന കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ ജാഗ്ബീര്‍ ബ്രാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ബ്രാറും പരഗതും കടുത്ത എതിരാളികളാണ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ബ്രാര്‍ ശിരോമണി അകാലിദളില്‍ ചേര്‍ന്നു.

സിദ്ദു – അമരീന്ദര്‍ പോര് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി ചില പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. പ്രശ്നങ്ങളുടെ യഥാര്‍ത്ഥ വസ്തുത ഇനിയും മനസ്സിലാക്കാന്‍ ഹൈക്കമാന്‍ഡിനായിട്ടില്ലെന്നാണ് പല പാര്‍ട്ടി നേതാക്കളുടേയും നിലപാട്.

അമരീന്ദറിന് ശക്തി ക്ഷയിക്കുന്നതോടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അമരീന്ദര്‍ പിന്‍വാങ്ങും. സിദ്ദുവിനാണെങ്കില്‍ പാര്‍ട്ടിയില്‍ ഇതുവരെ സ്വാധീനം ചെലുത്താനായിട്ടുമില്ല. ഇത് സംസ്ഥാന കോണ്‍ഗ്രസിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്ന് സംസ്ഥാനത്തെ പല മുതിര്‍ന്ന നേതാക്കളും ആശങ്കപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News