വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിച്ചില്ല; ഹരിത സംസ്ഥാന‍ കമ്മിറ്റി ലീഗ് പിരിച്ചുവിട്ടേക്കും

എംഎസ്‌എഫ് നേതാക്കൾ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ പരാതി നൽകിയ ഹരിത നേതാക്കൾക്കെതിരെ ലീഗ് നടപടിയെടുക്കും. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബും നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതോടെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കാൻ ഹരിതയോട് അവശ്യപ്പെടുകയും ഇതിനായി നൽകിയ സമയ പരിധി അവസാനിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ലീഗ് നടപടിക്ക് ഒരുങ്ങുന്നത്.

അച്ചടക്ക നടപടിയുടെ ഭാഗമായി ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടേക്കുമെന്നും സൂചനയുണ്ട്. പ്രശ്‌നം വിവാദമായതോടെ ലീഗ് നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഹരിത നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെയാണ് കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചത്.

പരാതി പിൻവലിച്ചാൽ നടപടിയെക്കുറിച്ച്‌ ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താൽ പരാതി പിൻവലിക്കാമെന്ന നിലപാടിൽ ഹരിതയും ഉറച്ച്‌ നിന്നതോടെയാണ് കമ്മിറ്റി പിരിച്ചു വിടലിലേക്ക് എത്തിയത്. പ്രശ്‌നത്തിൽ പരിഹാരം കാണുന്നതിനിടെ ഹരിത നേതാക്കൾ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. അച്ചടക്ക ലംഘനമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം നേരത്തെ തന്നെ ആരോപിച്ചിരുന്നു.

ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണുമെന്ന് പ്രസ്താവന നടത്തി. അബ്ദുൾ വഹാബും സമാന രീതിയിൽ തന്നെയാണ് പ്രതികരിച്ചത്.

എംഎസ്‌എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച്‌ മാനസികമായും സംഘടനാ പരമായും തകർക്കാൻ ശ്രമിക്കുകയാണെന്നുമാണ് വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വനിതാ കമ്മീഷനിൽ പരാതി നൽകിയതെന്നാണ് ഹരിത നേതാക്കൾ പറയുന്നത്.

അതിനിടെ ഹരിതയുടെ പ്രവർത്തനം ഇനി സംസ്ഥാന, ജില്ലാ തലത്തിൽ വേണ്ടെന്ന് വെക്കാൻ പാർട്ടി നിർദ്ദേശിച്ചതായും സൂചനയുണ്ട്. നിലവിൽ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട് ജില്ലകളിൽ മാത്രമേ ഹരിതയുടെ പ്രവർത്തനമുള്ളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News