‘ആധുനികതയ്ക്ക് പകരം പ്രാകൃതാവസ്ഥയും മതനിരപേക്ഷതക്കു പകരം മതാന്ധതയും കൊടികയറുമ്പോള്‍ ഏതൊരു ഭൂമികയും അഫ്ഗാന്‍ മണ്ണ് പോലെയാകും’: ജോണ്‍ ബ്രിട്ടാസ് എം പി

ഒരു രാജ്യം മതാന്ധതയിലേക്കും പ്രാകൃതാവസ്ഥയിലേക്കും ആഴ്ന്നിറങ്ങുമ്പോള്‍ അതിന്റെ വേദന വേട്ടയാടുന്നത് ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളെ കൂടിയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പോര്‍വിമാനത്തില്‍ പലായനം ചെയ്യുന്ന ദൃശ്യം ഫേസ്ബുക്കില്‍ പങ്കു വച്ച് കൊണ്ടാണ് എം പി തന്റെ ആശങ്കയും വേദനയും അറിയിച്ചത്. ആധുനികതയ്ക്ക് പകരം പ്രാകൃതാവസ്ഥയാണ് ലോകത്ത് നടപ്പിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു:

‘ഒരു പോര്‍വിമാനത്തില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ പലായനം ചെയ്യുന്ന ദൃശ്യമാണിത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ദുരന്ത ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളെ വേട്ടയാടുകയാണ്. ഒരു രാജ്യം മതാന്ധതയിലേക്കും പ്രാകൃതാവസ്ഥയിലേക്കും ആഴ്ന്നിറങ്ങുമ്പോള്‍ അതിന്റെ അലയൊലി ആ രാഷ്ട്രത്തിന്റെ നാലതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങുന്നതല്ല. ലോകരാജ്യങ്ങളുടെ പരാജയമായി അഫ്ഗാന്‍ ദുരന്തം വിധിയെഴുതപ്പെട്ടും. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് സ്വാധീനത്തെ ഇല്ലായ്മ ചെയ്യുവാന്‍ തീവ്രവാദത്തിന് അര്‍ത്ഥവും ആയുധവും നല്‍കിയ അമേരിക്ക തന്നെയാണ് പ്രതിപ്പട്ടികയില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്നത്.

അമേരിക്കന്‍ വിദേശ നയത്തിന്റെ പരാജയത്തെ കുറിച്ച് അമേരിക്കന്‍ വാര്‍ത്താ മാധ്യമങ്ങള്‍ തന്നെ നെടുനീളെ ലേഖനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. കലയും സാഹിത്യവും ആവിഷ്‌കാരവും സ്ത്രീ സ്വാതന്ത്ര്യവുമൊക്കെ ഇനി അഫ്ഗാനില്‍ പഴങ്കഥകളാണ്. മതഭീകരത ഉറഞ്ഞുതുള്ളുന്ന പലരാജ്യങ്ങളും ഇതിനകം തന്നെ അഫ്ഗാന്‍ ജനത കാത്തിരിക്കുന്നത് എന്താണെന്ന് നമുക്ക് പറഞ്ഞുതരുന്നുണ്ട്. ലോകത്തിന്റെ ആദിമസംസ്‌കാരം ഇന്ന് ഏത് അവസ്ഥയിലാണ് എന്ന് ചിന്തിക്കുന്നതും നന്നായിരിക്കും. ആധുനികതയ്ക്ക് പകരം പ്രാകൃതാവസ്ഥയും ബഹുസ്വരതക്കും മതനിരപേക്ഷതക്കും പകരം മതമേധാവിത്വവും മതാന്ധതയും കൊടികയറുമ്പോള്‍ ഏതൊരു ഭൂമികയും അഫ്ഗാന്‍ മണ്ണ് പോലെയാകും. നമുക്കും ഏറെ പഠിക്കാനുള്ള പാഠമാണ് അഫ്ഗാനിസ്ഥാന്‍.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here