ADVERTISEMENT
അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ കീഴടക്കിയതോടെ ആശങ്കയിലാണ് ഇന്ത്യയിൽ കഴിയുന്ന അഫ്ഗാൻ പൗരന്മാർ. നാട്ടിലുള്ള തങ്ങളുടെ കുടുംബത്തിന് എന്ത് സംഭവിച്ചു എന്ന് പോലും ദില്ലിയിലെ അഫ്ഗാൻ കോളനിയിൽ കഴിയുന്ന ഇവർക്ക് അറിയില്ല. ജന്മനാട്ടിൽ സുരക്ഷിതരല്ല എന്നത് കൊണ്ട് തന്നെ നാട്ടിലേക്ക് മടങ്ങാനും ഇവർ ഒരുക്കമല്ല.
കസ്തൂർബാ നികേതനിലാണ് അഫ്ഗാൻ കോളനി ഉള്ളത്. ചെറിയ ഒരു അഫ്ഗാനിസ്ഥാൻ എന്ന് തന്നെ വിശേഷിപ്പിക്കാം ഈ തെരുവിനെ. ജോലിക്ക് വേണ്ടിയും പഠനത്തിന് വേണ്ടിയും ഇന്ത്യയിലേക്ക് കുടിയേറിപാർത്ത ആയിരത്തിലധികം കുടുംബങ്ങൾ ഉണ്ട് ഇവിടെ. പക്ഷേ കാണുന്ന കണ്ണുകളിൽ എല്ലാം ഭയം.
യുവാക്കളും വൃദ്ധരും സ്ത്രീകളും ഒരുപോലെ ഭയപ്പെടുന്നു. ക്യാമറയ്ക്ക് മുന്നിൽ സംസാരിക്കാൻ വരെ ഒരാളും തയ്യാറാകുന്നില്ല. ഒടുവിൽ കൈരളി ചാനലിനോട് സംസാരിക്കാൻ തയ്യാറായ അലി വിവരിച്ചത് അവരുടെ ജന്മനാട്ടിൽ അവർ ജീവിക്കേണ്ടി വന്ന സാഹചര്യങ്ങളെ കുറിച്ചാണ്.
അലിയുടെ സഹോദരനും കുടുംബവും ഒളിച്ച് കഴിയുകയാണ് അഫ്ഗാനിസ്ഥാനിൽ. സ്വന്തമായി കടയും വാഹനങ്ങളും വീടും ഉണ്ടായിരുന്നു എങ്കിലും എല്ലാം നഷ്ടമായി.
ഇന്ത്യയിലും ഇവർ സുരക്ഷിതരല്ല. അഭയാർത്ഥികളായി ഇവരെ പരിഗണിക്കാൻ പോലും രാജ്യം തയ്യാറാകുന്നില്ല. സ്വന്തം രാജ്യത്ത് തിരിച്ച് പോയാൽ ഇനി ഒരു ജീവിതം ഇല്ലെന്ന ആശങ്ക ഇവർക്കുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.