ADVERTISEMENT
കേരളാ ഡിസിസി അധ്യക്ഷന്മാരെ രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തിയാലുടൻ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ്. കെ സുധാകരൻ നൽകിയ പട്ടിക തിരുത്തി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നൽകിയ പേരുകളും ഹൈക്കമാൻഡ് പരിഗണിക്കും. ഗ്രൂപ്പുകൾ ഉയർത്തിയ പ്രതിഷേധത്തിന്‍റെ ഭാഗമായി പല ജില്ലകളിലും ഡിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടി തർക്കം തുടരുകയാണ്.
എ ഐ ഗ്രൂപ്പുകളെ പാടെ തഴഞ്ഞാണ് കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിന് സമർപ്പിച്ച ഡിസിസി അധ്യക്ഷ അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ പട്ടിക അതേപടി അംഗീകരിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടില്ല.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സമർപ്പിച്ച പട്ടികയിലെ പേരുകൾ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും തിരിച്ചടിയാണ്. മുതിർന്ന നേതാക്കളുടെ എതിർപ്പിനെ ചർച്ചയിലൂടെ മയപ്പെടുത്താൻ ആണ് കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കം.
ഗ്രൂപ്പുകളുടെ പരാതി അവഗണിക്കും എന്ന് പറയുമ്പോഴും സീനിയർ നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുന്നത് എ ഐ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന്‍റെ ഫലമായി തന്നെ ആണ്. രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തിയാൽ രണ്ട് ദിവസത്തിനകം ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പ്രസിദ്ധീകരിക്കും എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കേന്ദ്ര നേതൃത്വത്തിൻെറ നിർദ്ദേശ പ്രകാരം സ്ത്രീ പ്രാതിനിധ്യവും പട്ടികയിൽ ഹൈക്കമാൻഡ് ഉറപ്പ് വരുത്തും. കെ സുധാകരൻ, വിഡി സതീശൻ, കെസി വേണുഗോപാൽ എന്നിവരുടെ അനുയായികളെ പട്ടികയിൽ കുത്തി നിറച്ചു എന്ന ആരോപണവും ശക്തമാണ്.
അനിൽ അക്കരായെ വെട്ടി കെ സുധാകരൻ്റെ അനുയായിയെ പരിഗണിക്കുന്ന ത്രിശൂർ ജില്ലയിലും, രമേശ് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയ ബാബു പ്രസാദിനെ പരിഗണിക്കുന്ന ആലപ്പുഴയിലും, ജാതി സമവാക്യം തെറ്റിയ കോട്ടയത്തും, കാസർകോടും ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തർക്കം തുടരുകയാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ ഏജൻസികൾ നൽകിയ റിപ്പോർട്ടും ഹൈക്കമാൻഡ് പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.