‘ഹരിത’ സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു: നടപടി മുസ്‌ളീം ലീഗിന്റേത്

എം.എസ്.എഫ് ‘ഹരിത’ സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറന്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് വിശദീകരണം തേടാനും തീരുമാനിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

ഹരിത നേതാക്കൾ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിർദേശം ഹരിത നേതാക്കൾ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം മരവിപ്പിക്കാൻ തീരുമാനിച്ചത്.ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി.

പാർട്ടി നേതൃത്വത്തിന് പരാതി നൽകി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹരിത നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത്. എന്നാൽ പാർട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

പി.കെ കുഞ്ഞാലിക്കുട്ടി, പണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ഹരിത നേതാക്കളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹരിത നേതാക്കൾ വഴങ്ങിയില്ല. പി.കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിൻവലിക്കില്ല എന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്. ഇതിനെ തുടർന്നാണ് ഹരിത നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ലീഗ് തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News