സി പി ഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍

സി പി ഐ എം 23 ആം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും സംസ്ഥാന സമ്മേളനം ഫെബ്രുവരിയില്‍ എറണാകുളത്ത് നടക്കുമെന്നും സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. ജനുവരിയില്‍ ജില്ലാ സമ്മേളനം പൂര്‍ത്തിയാക്കും. സംസ്ഥാന കമ്മിറ്റിക്ക് ശേഷം വാര്‍ത്തസമ്മേളനം നടത്തുകയായിരുന്നു വിജയരാഘവന്‍.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 9ന് പ്രതിഷേധ സമരം നടത്തും. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം. മികച്ച ഭരണത്തിലൂടെ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടര്‍ഭരണം നേടിയിരിക്കയാണ്. വലിയ പ്രതീക്ഷയും വിശ്വാസവുമാണ് ജനങ്ങള്‍ക്ക് ഭരണത്തിലുള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് സമസ്ത മേഖലകളിലും വികസനത്തിലൂന്നിയ നവീകരണം കൊണ്ടുവരണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധി എന്ന നിലയില്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകണം.

വിദ്യാഭ്യാസ രംഗത്തും ശാസ്ത്രസാങ്കേതിക മേഖലകളിലും മികച്ച സംവിധാനമൊരുക്കാനാകണം. ആ നേട്ടങ്ങള്‍ കൃഷി, അടിസ്ഥാന വികസനം തുടങ്ങി എല്ലാ മേഖലകളിലും പുരോഗമനം സാധ്യമാക്കും. മികച്ച വിദ്യാഭ്യാസം നേടിയവര്‍ക്ക് മികച്ച തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകണം. അവര്‍ക്ക് ആവശ്യമായ അടിസ്ഥാന വികസനവും ഒരുക്കാനാകണം.

അതോടൊപ്പം പൊതുമേഖലയെ നവീകരിച്ച് ശക്തമാക്കാനും സര്‍ക്കാരിനാവണം. എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തു പിടിച്ചുള്ള വികസന കാഴ്ചപ്പാടാണ് വേണ്ടത്. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളുന്നതാകണം വികസന പ്രര്‍വത്തനങ്ങള്‍. സംസ്ഥാന ഗവണ്‍മെന്റ് ഏറ്റെടുത്ത് പൂര്‍ത്തികരിക്കേണ്ട ജനോപകാരമായ കടമകളെക്കുറിച്ച് വ്യക്തമായ ധാരണയാണ് പാര്‍ട്ടിക്കുള്ളത്.

ആഗോള തീവ്രവത്കരണ അജണ്ടകള്‍ നടപ്പാക്കുന്ന കേന്ദ്ര നയങ്ങളില്‍നിന്നും വ്യത്യസ്തമാണ് സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍. കേന്ദ്രനയങ്ങള്‍ സ്വകാര്യ കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമാണ് ഗുണമാകുന്നത്. സമ്പന്ന ജനവിഭാഗങ്ങളാണ് ആ നയത്തിന്റെ ഉപഭോക്താക്കള്‍. അതിന്റെ ബദല്‍ നയങ്ങളാണ് ഇടതുപക്ഷം ഉയര്‍ത്തിപിടിക്കുന്നതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here