സ്ത്രീവിരുദ്ധ പരാമര്‍ശം: ഹരിതയുടെ പരാതിയില്‍ എം എസ് എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

എം എസ് എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം എസ് എഫ് വനിതാ വിഭാഗം ഹരിതയുടെ പരാതിയില്‍ നേതാക്കള്‍ക്കെതിരേ കേസെടുത്തു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിത നേതാക്കളില്‍ നിന്ന് പൊലീസ് നേരത്തെ മൊഴിയെടുത്തിരിന്നു.

കഴിഞ്ഞ ജൂണ്‍ 22 ന് കോഴിക്കോട് ഹബീബ് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഹരിതയിലെ വിദ്യാര്‍ഥിനികളോട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് കേസ്. ഇത് സംബന്ധിച്ച് വനിതാ കമ്മീഷന് ഹരിത പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഇതിനിടെ പരാതി പിന്‍വലിക്കാത്തതില്‍ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആണ് ഔദ്യോഗികമായി മരവിപ്പിക്കല്‍ അറിയിപ്പ് നല്‍കിയത്. പ്രശ്‌നം പരിഹരിക്കാന്‍ ലീഗ് മുന്‍കൈയെടുത്തു നടത്തുന്ന ചര്‍ച്ചയില്‍ ഹരിത നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യറാവാതെ വന്നതോടെയാണ് സംസ്ഥാന കമ്മിറ്റിയെ മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് എത്തിയത്.

ഹരിത ഭാരവാഹികള്‍ ആരോപണമുന്നയിച്ച എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി എ വഹാബ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി പിന്‍വലിച്ചാല്‍ നടപടിയെ കുറിച്ച് ആലോചിക്കാമെന്ന് ലീഗും നടപടിയെടുത്താല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടില്‍ ഹരിതയും ഉറച്ച് നിന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കാന്‍ ലീഗില്‍ ധാരണയായത്.

പ്രശ്‌നപരിഹാരത്തിനിടെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത് അച്ചടക്ക ലംഘനമാണെന്ന് കാട്ടി നേരത്തെ തന്നെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം രംഗത്തെത്തിയിരുന്നു. അച്ചടക്കം ലംഘിച്ച ഹരിതയ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് എം എസ് എഫും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഹരിത നേതാക്കളുമായി ഇന്നലെ മുനവറലി ശിഹാബ് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും നേതാക്കള്‍ കടുംപിടിത്തം തുടര്‍ന്നതോടെയാണ് കമ്മിറ്റി മരവിപ്പിക്കുന്ന തരത്തിലേക്കെത്തിയത്.

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേ ഹരിതയിലെ പത്ത് പെണ്‍കുട്ടികളായിരുന്നു വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഇതാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തെ നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതെന്നാണ് ഹരിത നേതാക്കള്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News