പ്രസിഡന്റ് സ്ഥാനം അവകാശപ്പെട്ട് അംറുള്ള സലെ; ലോകനേതാക്കളുടെ പിന്തുണയ്ക്കായി അഭ്യര്‍ത്ഥന

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അവകാശവാദവുമായി അംറുള്ള സലെ. അഷ്‌റഫ് ഗനിയുടെ അഭാവത്തിലാണ് വൈസ് പ്രസിഡന്റായിരുന്ന അംറുള്ള സലെ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം താനാണ് കെയര്‍ടേക്കര്‍ പ്രസിഡന്റെന്നും അംറുള്ള സലെ പറഞ്ഞു. ലോകനേതാക്കളുടെ പിന്തുണയും അംറുള്ള സലെ ആവശ്യപ്പെട്ടു.

അതിനിടെ താലിബാന്‍ നേതാവ് മുല്ല ബറാദര്‍ കാണ്ഡഹാറിലെത്തി. ദോഹയില്‍ നടന്ന സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബറാദര്‍ കാണ്ഡഹാറില്‍ എത്തിയത്.

അതേസമയം, ഡല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി അഫ്ഗാനിലെ സാഹചര്യം വിലയിരുത്തി. അഫ്ഗാനിലുള്ള ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്താനായി എമര്‍ജന്‍സി വീസ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അഫ്ഗാനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ മലയാളികള്‍ ഉള്‍പ്പടെ ഇനിയും നിരവധി പേര്‍ അവിടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കുമെന്ന് വൈകീട്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്തകുറിപ്പ് വ്യക്തമാക്കുന്നു.അഫ്ഗാന്‍ ഏംബസി അടച്ചെങ്കിലും പ്രാദേശിക ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വീസ ഓഫിസ് പ്രവര്‍ത്തനം തുടരുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടെന്ന വാര്‍ത്ത പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News