ഹരിതയ്ക്കെതിരായ ലീഗ് നടപടി; എം എസ് എഫിനുള്ളിൽ പ്രതിഷേധം പുകയുന്നു, കൂടുതൽ പേർ എംഎസ്എഫ് വിട്ടേക്കും

ഹരിതയ്ക്കെതിരായ ലീഗ് നടപടിയിൽ എം എസ് എഫിനുള്ളിൽ പ്രതിഷേധം പുകയുന്നു. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് എം.പി അബ്ദു സമദിൻ്റെ രാജിയ്ക്ക് പിന്നാലെ കൂടുതൽ പേർ എംഎസ്എഫ് വിടുമെന്നാണ് സൂചന. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയ പി കെ നവാസിനെ സംരക്ഷിക്കുന്ന നേതൃത്വത്തിൻ്റെ നിലപാടിനെതിരെ ലീഗിനുളളിലും പ്രതിഷേധം ശക്തമാണ്.

സഹ പ്രവർത്തകരായ പെൺകുട്ടികൾക്കെതിരെ സ്‌ത്രീവിരുദ്ധമായി ലൈംഗികചുവ കലർന്ന പരാമർശം നടത്തിയവർക്ക്‌ സംരക്ഷണം, പരാതി ഉന്നയിച്ച പെൺകുട്ടികൾക്കെതിരെ നടപടി, മുസ്ലീംലീഗ് നേതൃത്വത്തിൻ്റെ ഈ നിലപാടിനെതിരെ എം എസ്എഫിലും ലീഗിനുളളിലും പ്രതിഷേധം പുകയുകയാണ്.

മുസ്ലീംലീഗിൻ്റെ സ്‌ത്രീവിരുദ്ധ സമീപനത്തിൽ മാറ്റമില്ല എന്നാണ് പുതിയ തീരുമാനവും വ്യക്തമാക്കുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത് .രാജിവെച്ച എം എസ് എഫ് സീനിയർ വൈസ്പ്രസിഡൻ്റ് എം.പി അബ്ദുസമദിൻ്റെ രാജിക്കത്തിലും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയുടെ സ്ത്രീവിരുദ്ധ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സമദ്, ലീഗ് ജനറൽ സെക്രട്ടറിക്കയച്ച കത്തിൽ പറയുന്നു.

സമദിന് പിന്നാലെ കൂടുതൽ പേർ എം എസ് എഫ് വിടുമെന്നും സൂചനയുണ്ട് . പെൺകുട്ടികൾക്ക്‌ സംരക്ഷണമേകേണ്ട ഉത്തരവാദിത്വമാണ്‌ ലീഗ്‌ നേതൃത്വത്തിനുള്ളത്‌. എന്നാൽ സ്‌ത്രീപക്ഷ വിഷയത്തിൽ ലീഗ്‌ നൽകുന്ന മോശമായ സന്ദേശമായാണ് ഹരിത പ്രവർത്തനം നിർത്തിവെപ്പിച്ചുള്ള നടപടിയെ പൊതുവിൽ വിലയിരുത്തുന്നത്.

പരാതി ഉന്നയിച്ച പത്ത്‌ കുട്ടികളിൽ ഭൂരിഭാഗവും ലീഗ്‌ നേതാക്കളുടെ മക്കളോ കുടുംബാംഗങ്ങളോ ആണ്‌. ലീഗ്‌ കുടുംബത്തിലുള്ളവർക്ക്‌ പോലും നീതി ലഭിക്കാത്തവിധം സംഘടനയിലെ അവസ്ഥ മോശമായി എന്നാണിത്‌ തെളിയിക്കുന്നത്‌. ലീഗ്‌ നേതൃത്വത്തിന്‌ മുന്നിൽ ഉന്നയിച്ചിട്ടും പരിഗണിക്കാത്തതിനാലാണ്‌ ഹരിത നേതാക്കൾ വനിതാ കമ്മീഷനെ സമീപിച്ചത്‌.

അതാണിപ്പോൾ വലിയ കുറ്റമായി നേതൃത്വം കണ്ടെത്തിയത്‌. എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് ടി.പി. അഷ്റഫലിയുടെ പിന്തുണയോടെയാണ് ഹരിത പ്രവർത്തകർ സംസ്ഥാന പ്രസിഡൻ്റ് നവാസിനെതിരെ പോരാട്ടം നടത്തുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. പെൺകുട്ടികളോട് അനീതി കാട്ടിയവർക്കെതിരെ നടപടി എടുക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ഹരിതയുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here