പ്രവാസി ഭാരതീയ സമ്മാൻ ഏറ്റുവാങ്ങി ഡോ.സിദ്ദീഖ് അഹമ്മദ്

ഡോ.സിദ്ദീഖ് അഹമ്മദ് പ്രവാസി ഭാരതീയ സമ്മാൻ ഏറ്റുവാങ്ങി. റിയാദിലെ ഇന്ത്യൻ എംബസി ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​ ​പുരസ്കാരം സമ്മാനിച്ചു. ദില്ലിയി​ൽ നടക്കുന്ന ചടങ്ങിൽ രാഷ്​ട്രപതിയാണ് സാധാരണ​ പുരസ്​കാരങ്ങൾ സമ്മാനിക്കാറുള്ളത്​. എന്നാൽ കൊവിഡ്​ പശ്ചാത്തലത്തിൽ ചടങ്ങ്​ എംബസി ആസ്ഥാനത്തേക്ക്​ മാറ്റുകയായിരുന്നു.

സൗദിയിലുൾപ്പെടെ വ്യവസായ ശൃംഖല കെട്ടിപ്പടുക്കുകയും ഇന്ത്യ-സൗദി ബന്ധങ്ങൾക്ക്​ കരുത്തു പകരുകയും ചെയ്​തതിനാണ്​ സിദ്ദീഖ്​ അഹമ്മദ്​ അവാർഡിന്​ അർഹനായത്​. സൗദിയും ഇന്ത്യയും തമ്മിൽ വർദ്ധിച്ചു വരുന്ന കരുത്തുറ്റ ഉഭയകക്ഷി ബന്ധങ്ങളിൽ ഡോ. സിദ്ദീഖ്​ അഹമ്മദ്​ ഉൾപ്പെടെയുള്ളവരുടെ പങ്ക്​ വളരെ വലുതാണന്ന്​ ഉപഹാരം സമ്മാനിച്ചുകൊണ്ട്​ അംബാസഡർ ഡോ. ഔസാഫ്​ സഈദ്​ പറഞ്ഞു.

തനിക്ക് കിട്ടിയ അംഗീകാരം ഗൾഫ്​ പ്രവാസികൾക്കായി സമർപ്പിക്കുന്നുവെന്ന്​ ഡോ. സിദ്ദീഖ്​ അഹമ്മദ്​ പറഞ്ഞു. സാമൂഹിക ബാധ്യത നിറവേറ്റാതെയുള്ള ഒരു ജീവിതവും പൂർണ്ണമാകില്ല എന്നു തന്നെയാണ് തൻറെ വിശ്വാസം. അതുകൊണ്ടു തന്നെ തൻറെ പ്രവർത്തന മേഖല സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്ന ചിന്തയാണ്​ തന്നെ നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാതാപിതാക്കൾ ചെറുപ്പത്തിൽ പകർന്നുതന്ന നന്മകളാണ് ജീവകാരുണ്യ മേഖലകളിൽ മുന്നോട്ടുള്ള പ്രയാണത്തിൻറെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. 20 ലധികം രാജ്യങ്ങളിൽ വ്യവസായ ശൃംഖലയുള്ള ​ഡോ. സിദ്ദീഖ്​ അഹമ്മദ്​ ഓയിൽ, ഗ്യാസ്​, പവർ, കൺസ്​ട്രക്​ഷൻ, ഐ.ടി, മീഡിയ, ലോജിസ്​റ്റിക്​, ഓ​ട്ടോമോട്ടീവ്​, ട്രെയിനിങ്, വിദ്യാഭ്യാസം, ആരോഗ്യം, ട്രാവൽ ആൻഡ് ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ വിജയ ചരിത്രം രചിച്ചിട്ടുണ്ട്​.

സൗദി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിനെ തുടർന്ന് കേരള സർക്കാരുമായി സഹകരിച്ച് ജയിൽ വാസികളെ നാട്ടിലെത്തിക്കാൻ ഡോ. സിദ്ദീഖ്​ അഹമ്മദ് പ്രഖ്യാപിച്ച ‘സ്വപ്ന സാഫല്യം ’ പദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും നൂറുകണക്കിന് ആളുകൾക്ക് പ്രയോജനപ്പെടുകയും ചെയ്തിരുന്നു. സാനിറ്റേഷൻ രംഗത്തെ വിപ്ലവമായി മാറിയ ഇ-ടോയ് ലറ്റുകൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ക്രീയാത്മകമായി നടപ്പാക്കിയത് ഡോ. സിദ്ദീഖ് അഹമ്മദിൻറെ കീഴിലുള്ള കമ്പനിയാണ്.

‘ശുചിത്വ ഭാരത മിഷൻ’ പദ്ധതിയോടനുബന്ധിച്ചു ഭാരത സർക്കാർ തന്നെ ഈ പദ്ധതിയെ ഏറെ പ്രോൽസാഹിപ്പിക്കുകയും പ്രധാനമന്ത്രിയുടെ പ്രത്യേക അവാർഡിന്​ അർഹമാക്കുകയും ചെയ്​തു. ഫോബ്സ് മിഡിൽ ഈസ്റ്റിൻറെ കണ്ടെത്തൽ പ്രകാരം അറബ് മേഖലയിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുന്ന 20 പ്രമുഖ ഇന്ത്യൻ ബിസിനസ്​ ലീഡേഴ്​സ് പട്ടികയിൽ ഡോ. സിദ്ദീഖ് അഹമ്മദും ഉൾപ്പെട്ടിട്ടുണ്ട്.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഇന്ത്യ സൗദി കൗൺസിൽ അംഗം, കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഗൾഫ് കമ്മിറ്റി അംഗം, മിഡിൽ ഈസ്റ്റ് പെട്രോളിയം ക്ലബ്​ അംഗം എന്നീ നിലയിലും ഡോ. സിദ്ദീഖ് അഹമ്മദ് പ്രവർത്തിക്കുന്നു. ഗൾഫിലെ വ്യത്യസ്ത രാജ്യങ്ങളിലായി വ്യത്യസ്ത മേഖലകളിൽ നിക്ഷേപം നടത്തിയ വ്യവസായികളിൽ ഒരാൾ കൂടിയാണ്​ ഡോ. സിദ്ദീഖ് അഹമ്മദ്​.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News