ജോണ്‍സണ്‍ മാഷില്ലാത്ത സംഗീത സപര്യയുടെ പത്താണ്ടുകള്‍

മലയാളികളുടെ മനസ്സിൽ ലളിത സുന്ദരമായ ശുദ്ധസംഗീതത്തിലൂടെ ഇന്നും ജീവിക്കുന്ന സംഗീതജ്ഞനാണ് ജോൺസൺ മാഷ്. അദ്ദേഹം ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷങ്ങൾ പിന്നിടുകയാണ്.എത്രയെത്ര ഗാനങ്ങളിലൂടെയാണ് ഇന്നും അദ്ദേഹം സംഗീത പ്രേമികളുടെ ഇടനെഞ്ചിൽ ജീവിക്കുന്നത്.

കൂടെവിടെ, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ഞാൻ ഗന്ധർവൻ, കിരീടം, ചെങ്കോൽ, ചുരം തുടങ്ങി നിരവധി സിനിമകളിലെ അനശ്വര ഗാനങ്ങളിലൂടെ അദ്ദേഹം ഇന്നും മനസ്സിൽ ഈണമിട്ടുകൊണ്ടിരിക്കുന്നു.

1953 മാർ‍ച്ച് 26 നാണ് ജോൺസൺ മാഷിൻറെ ജനനം. പള്ളിയിൽ ക്വയർ ടീമിനൊപ്പം പാടിയായിരുന്നു അദ്ദേഹത്തിൻറെ സംഗീത ജീവിതത്തിൻറെ തുടക്കം. ആ സമയത്ത് ഹാർമോണിയവും ഗിറ്റാറുമൊക്കെ വായിക്കാൻ സ്വായത്തമാക്കി. ഗാനമേളകളുടേയും ഭാഗമായി. 1968ൽ വോയിസ് ഓഫ് തൃശ്ശൂർ എന്ന സംഗീതക്കൂട്ടായ്മയുടെ ഭാഗമായി.

ഓടക്കുഴലും വയലിനും ഡ്രംസുമൊക്കെ വായിക്കാൻ അദ്ദേഹം പഠിച്ചത് ഈ സമയങ്ങളിലാണ്. അവരോടൊപ്പമാണ് സിനിമാ ഗാനങ്ങളുടെ പിന്നണി വായിക്കാൻ ജോൺസൺ മാഷ് തുടക്കമിടുന്നത്.

ഗായകൻ പി.ജയചന്ദ്രനാണ് ദേവരാജൻ മാഷിന് ജോൺസണ്‍ മാഷെ പരിചയപ്പെടുത്തുന്നത്. അങ്ങനെ അദ്ദേഹത്തോടൊപ്പം ജോൺസൺ മാഷ് സഹായിയായി. 1974ൽ ചെന്നൈയിലെത്തി. എ.ആർ റഹ്മാൻറെ അച്ഛൻ കെ.ആർ ശേഖറിൻറേയും അസിസ്റ്റൻറായി പ്രവർത്തിച്ചു. 1978ൽ ചെറിയാച്ചൻറെ ക്രൂരകൃത്യങ്ങളിൽ പശ്ചാത്തല സംഗീതം നൽകി.

പിന്നീട് ഭരതൻറെ ആരവത്തിന് പശ്ചാത്തല സംഗീതം നൽകി. പിന്നീട് തകര, ചാമരം എന്നീ സിനിമകളും. 81ൽ ഇണയെത്തേടി എന്ന സിനിമയ്ക്കായി ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായി. ശേഷം പ്രേമഗീതങ്ങൾ, ഒരിടത്തൊരു ഫയൽവാൻ, ചാട്ട,കിലുകിലുക്കം, ഓർമ്മയ്ക്കായി, കേൾക്കാത്ത ശബ്‍ദം, സൂര്യൻ, പാളങ്ങൾ, ശേഷം കാഴ്ചയിൽ, താവളം തുടങ്ങി നിരവധി സിനിമകൾക്കായി ഗാനങ്ങൾ ഒരുക്കി.

1994ൽ പൊന്തൻമാടയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയപ്പോൾ ആ അവാർഡ് നേടുന്ന ആദ്യ മലയാളിയുമായി ജോൺസൺ മാഷ്. പറന്ന് പറന്ന് പറന്ന്, എൻറെ ഉപാസന, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, കരിയില കാറ്റുപോലെ, അപരൻ, പൊന്മുട്ടയിടുന്ന താറാവ്, മാളൂട്ടി, കളിക്കളം, സസ്നേഹം, സദയം, പക്ഷേ, പിൻഗാമി, കിരീടം, ചെങ്കോൽ, ഞാൻ ഗന്ധർവ്വൻ തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങൾ അദ്ദേഹത്തിൻറെ ഈണങ്ങളാൽ ഇന്നും പ്രശസ്തമാണ്. മണിച്ചിത്രത്താഴ് സിനിമയ്ക്കുൾപ്പെടെ നൽകിയ പശ്ചാത്തല സംഗീതവും ഇന്നും മലയാളികൾക്ക് മറക്കാനാവില്ല.

കണ്ണീർപ്പൂവിൻറെ കവിളിൽത്തലോടി, ദേവാംഗണങ്ങൾ കൈയ്യൊഴിഞ്ഞ താരം, ദേവീ, കുന്നിമണിചെപ്പു തുറന്ന്, പാലപ്പൂവേ, ആടിവാ കാറ്റേ, രാജഹംസമേ, മോഹം കൊണ്ടു ഞാൻ, മനസ്സിൻ മടിയിലെ, ഗോപികേ നിൻ വിരൽ, മധുരം ജീവാമൃത ബിന്ദു, അനുരാഗിണി തുടങ്ങി എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹത്തിൻറെ മാസ്മരിക ഈണങ്ങളിലൂടെ ഇന്നും ജീവിക്കുന്നത്. അഞ്ചുതവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

ഭരതൻ, പത്മരാജൻ, കമൽ, ലോഹിത ദാസ്, സത്യൻ അന്തിക്കാട് തുടങ്ങി നിരവധി സംവിധായകരുടെ പ്രിയപ്പെട്ട സംഗീത സംവിധായകനായിരുന്നു. യേശുദാസ്, ജയചന്ദ്രൻ, എസ്.ജാനകി, ചിത്ര, സുജാത, എംജി ശ്രീകുമാർ തുടങ്ങി നിരവധി പിന്നണിഗായകർക്ക് മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച അതുല്യ സംഗീത സംവിധായകനുമാണ്. 1980ൽ ചെറിയാച്ചൻറെ ക്രൂരകൃത്യങ്ങളിൽ തുടങ്ങി 2011ൽ നാടകമേ ഉലകം വരെ മുന്നൂറോളം സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം.കൈരളി ടി.വി ചാനലിൽ ഗന്ധർ‌വ സംഗീതം എന്ന സം‌ഗീത മത്സര പരിപാടിയിൽ വിധി കർത്താവായി പങ്കെടുത്തിട്ടുണ്ട് ജോൺസൺ മാഷ് .

2011 ആഗസ്ത് 18- ന് ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ കാട്ടുപക്കത്തെ വീട്ടിൽ വച്ചായിരുന്നു ജോൺസൺ മാഷിൻറെ അന്ത്യം.ജോൺസൺ മാഷെന്ന മഹാ പ്രതിഭ മൺമറഞ്ഞ് പത്ത് വർഷം പിന്നിടുന്പോ‍ഴും മലയാളി മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് ജോൺസൺ മാഷും അദ്ദേഹം മലയാള മണ്ണിന് സമ്മാനിച്ച ഒരു പിടി ഗാനങ്ങളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News