സുനന്ദപുഷ്‌കര്‍ മരണം; ശശിതരൂരിനെ കുറ്റവിമുക്തനാക്കി

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാംഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്. തരൂരിനെതിരെ തെളിവില്ലെന്നും കോടതി പറഞ്ഞു

മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഡല്‍ഹി പൊലീസിന് കൂടുതല്‍ കാര്യങ്ങള്‍ സമര്‍പ്പിക്കാനുണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു.

സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്നായിരുന്നു തരൂരിന്റെ അഭിഭാഷകന്‍ അഡ്വ. വികാസ് പഹ്വയുടെ വാദം. ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിട്ടില്ല.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഢംബര ഹോട്ടലില്‍ സുനന്ദ പുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുനന്ദയുടെ മരണം ഉറക്കഗുളികയ്ക്കു സമാനമായ മരുന്നുഗുളികകള്‍ അമിതമായി കഴിച്ചതിനാലാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 12 മുറിവുകളുണ്ടെന്നും ഇവയില്‍ ചിലത് പല്ലും നഖവുംകൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

സുനന്ദ പുഷ്‌ക്കറിന്റേത് സ്വാഭാവികമരണമെന്ന് വരുത്താന്‍ ഗുലാം നബി ആസാദില്‍നിന്നും സമ്മര്‍ദ്ദമുണ്ടായെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ എയിംസ് സംഘത്തലവന്‍ ഡോ സുധീര്‍ ഗുപ്തയുടെ പരാമര്‍ശം വിവാദമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here