അഫ്‌ഗാനിൽ അധികാരക്കൈമാറ്റം: ചർച്ചകൾ കാബൂളിൽ പുരോഗമിക്കുന്നു

താലിബാന്‌ അധികാരം കൈമാറുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾ കാബൂളിൽ പുരോഗമിക്കുന്നു. മുതിർന്ന നേതാവും 1996–2001 കാലയളവിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായിരുന്ന അമീർ ഖാൻ മുതാഖിയാണ്‌ മുൻ പ്രസിഡന്റ്‌ ഹമീദ്‌ കർസായി, അനുരഞ്ജന സഭാ മുൻ അധ്യക്ഷൻ അബ്ദുള്ള അബ്ദുള്ള എന്നിവരടങ്ങിയ സർക്കാർ സംഘവുമായി ചർച്ച നടത്തുന്നത്‌. രണ്ടു ദിവസത്തിനകം തീരുമാനമായേക്കും.

മനുഷ്യാവകാശ രംഗത്ത്‌ രണ്ട്‌ പതിറ്റാണ്ടായി ആർജിച്ച മുന്നേറ്റം കാത്തുസൂക്ഷിക്കണമെന്ന്‌ സർക്കാർ സംഘം ആവശ്യപ്പെട്ടു. താലിബാൻകാരല്ലാത്തവരെയും സർക്കാരിൽ ഉൾപ്പെടുത്തുന്നതും ചർച്ച ചെയ്തു.

താലിബാൻ സർക്കാരിന്റെ നായകനാവുമെന്ന്‌ കരുതപ്പെടുന്ന മുല്ലാ അബ്ദുൾ ഗനി ബറാദർ ഖത്തറിൽനിന്ന്‌ തിരിച്ചെത്തി. അതേസമയം, ആൾക്കൂട്ടത്തെ ഒഴിപ്പിച്ച്‌ കാബൂൾ വിമാനത്താവളം വീണ്ടും പ്രവർത്തിച്ചുതുടങ്ങി. സൈനിക വിമാനങ്ങൾക്ക്‌ മാത്രമാണ്‌ അനുമതി.

താലിബാൻ ഇത്രവേഗം അധികാരം പിടിച്ചെടുക്കാൻ കാരണം അഫ്‌ഗാൻ രാഷ്ട്രീയ നേതൃത്വം തന്നെയെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്‌ സ്‌റ്റോൾട്ടൻബർഗ്‌ കുറ്റപ്പെടുത്തി. നേതൃത്വത്തിന്റെ പരാജയമാണ്‌ സൈന്യത്തിന്റെ അതിവേഗ പതനത്തിനും ഇന്നത്തെ ദുരവസ്ഥയ്ക്കും കാരണം.

അഫ്‌ഗാന്‌ നൽകിയിരുന്ന വികസന സഹായം ജർമനി നിർത്തിവച്ചു. സഹായം നൽകുന്നതിന്റെ വേഗം കുറയ്ക്കുമെന്ന്‌ സ്വീഡൻ പറഞ്ഞു. നൽകി വന്ന സുരക്ഷാസഹായം അവസാനിപ്പിക്കുമെന്നും മാനവിക വിഷയങ്ങൾക്കായുള്ള സഹായം പത്തു ശതമാനം ഉയർത്തുമെന്നും ബ്രിട്ടീഷ്‌ വിദേശ സെക്രട്ടറി ഡൊമിനിക്‌ റാബ്‌ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News