അടുത്ത വർഷം മുതൽ ഐപിഎൽ കളിക്കളത്തിൽ 10 ടീമുകൾ

അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിൻ്റെ അവസാന സീസണാവും ഇതെന്ന് ട്രഷറർ അരുൺ ധുമാൽ വ്യക്തമാക്കി. ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ഐപിഎലിൻ്റെ അവസാന മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“അവിടെ എല്ലാവരും വാക്സിനേഷൻ എടുത്തതിനാൽ ഐപിഎൽ കാണാൻ സർക്കാർ കാണികളെ അനുവദിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എന്താണ് സംഭവിക്കുന്നതെന്ന് കാണാം. എങ്കിലും താരങ്ങളുടെ സുരക്ഷയാണ് പ്രധാനം. അത് പരിഗണിച്ച് മാത്രമേ കാണികളെ അനുവദിക്കൂ. ബാക്കി കാര്യങ്ങൾ യുഎഇ സർക്കാർ തീരുമാനിക്കും. ഇത്തവണത്തെ ടൂർണമെൻ്റ് മികച്ച ഒന്നായിരിക്കും. 8 ടീമുകളുമായുള്ള അവസാന ഐപിഎൽ ആവും ഇത്. അടുത്ത തവണ 10 ടീമുകൾ ഉണ്ടാവാനുള്ള സാധ്യത അധികമാണ്.ധുമാൽ ദേശിയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലിലും ഒക്ടോബർ 10ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

ഐപിഎൽ രണ്ടാം പാദത്തിൽ ബബിൾ ടു ബബിൾ ട്രാൻസ്ഫറിന് ബിസിസിഐ അനുമതി നൽകിയിരുന്നു. അതുകൊണ്ട് തന്നെ വിവിധ രാജ്യങ്ങളിൽ ദേശീയ മത്സരങ്ങൾ കളിക്കുന്ന താരങ്ങൾക്ക് നേരിട്ട് ഐപിഎലിൽ പങ്കെടുക്കാനാവും. ആറു ദിവസത്തെ ക്വാറൻ്റീൻ ഇല്ലാതെ തന്നെ താരങ്ങൾക്ക് ഐപിഎൽ ബബിളിൽ പ്രവേശിക്കാൻ സാധിക്കും.

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പര, ശ്രീലങ്ക-ദക്ഷിണാഫ്രിക്ക പരമ്പര, കരീബിയൻ പ്രീമിയർ ലീഗ് എന്നീ മത്സരങ്ങളാണ് ഐപിഎലിനു തൊട്ടുമുൻപായി നടക്കുന്നത്. ഈ മത്സരങ്ങളിൽ കളിക്കുന്ന താരങ്ങൾക്കെല്ലാം നേരിട്ട് ഐപിഎലിലെത്താം. ഈ മൂന്ന് ക്രിക്കറ്റ് പരമ്പരകളുമായി സഹകരിക്കുന്ന കമൻ്റേറ്റർമാർക്കും സംപ്രേഷണാധികാരം ഉള്ളവർക്കും ബബിൾ ടു ബബിൾ ട്രാൻസ്ഫർ സൗകര്യം ലഭ്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News