ജയിലില്‍ കേറണോ? വെറും 500 രൂപയ്ക്ക് തടവുപുള്ളിയാകാം

ജയില്‍ പുള്ളികള്‍ക്കൊപ്പം അവരിലൊരാളായി ഒരു ദിവസം മുഴുവന്‍ ജീവിക്കാന്‍ അവസരം ലഭിച്ചാലോ? ആ ജീവിതം അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് കര്‍ണാടക ബെലാഗവിയിലെ ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍. ജയില്‍ ടൂറിസം വഴി ജനങ്ങളെ ജയില്‍ ജീവിതം എന്തെന്ന് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് ജയില്‍ അധികൃതര്‍.

ജയിലിനുള്ളിലെ തടവുകാരുടേതിന് സമാനമായായിരിക്കും ഒരു ദിവസം മുഴുവന്‍ അധികൃതര്‍ പെരുമാറുക. ജയില്‍ ജീവിതരീതികള്‍ പൂര്‍ണ്ണമായും അനുസരിക്കേണ്ടി വരും. ജയില്‍ യൂണിഫോം നിര്‍ബന്ധം. പുലര്‍ച്ചെ ജയില്‍ പുള്ളികള്‍ എഴുന്നേല്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കണം. ജയിലിലെ ജോലികള്‍ ചെയ്യണം. സെല്ലില്‍ മറ്റ് ജയില്‍ പുള്ളികള്‍ക്കൊപ്പം താമസിക്കണം.

അഞ്ച് മണിക്കാണ് ജയിലിലെ ഒരു ദിവസം ആരംഭിക്കുന്നത്. സെല്‍ വൃത്തിയാക്കി എത്തിയാല്‍ ചായ. ഒരു മണിക്കൂറിന് ശേഷം പ്രാതല്‍. 11.30യ്ക്ക് ഊണ്. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രം ആഹാരം. എത്തുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണെങ്കില്‍ മാംസാഹാരം ലഭിക്കും.

വധശിക്ഷ കാത്തിരിക്കുന്ന 29 കുറ്റവാളികളുള്ള ജയിലാണ് ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍. ഇതിനിടയിലാകും ഒരു ദിവസത്തെ താമസം. യഥാര്‍ത്ഥ ജയില്‍ ജീവിതം എന്താണെന്ന് അറിഞ്ഞാല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ആളുകള്‍ പിന്തിരിയുമെന്നാണ് ജയില്‍ ടൂറിസം എന്ന ആശയത്തില്‍ അധികൃതരുടെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here