പ്രണയബന്ധത്തിന്റെ പേരില്‍ അക്രമണം; യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

പ്രണയ ബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. വയനാട് തൊണ്ടര്‍നാട് സ്വദേശിയായ അജ്‌നാസിനെ നാദാപുരത്തുള്ള പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് ആരോപണം.

വയനാട് മാനന്തവാടിയില്‍ പലചരക്ക് കടയില്‍ ജോലി ചെയ്യുന്ന 21 വയസുകാരന്‍ അജ്‌നാസിനെ നാദാപുരത്ത് നിന്ന് എത്തിയ സംഘം തട്ടികൊണ്ടു പോയി മര്‍ദ്ദിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാം എന്ന് പറഞ്ഞ് അജ്‌നാസിനെ തൊട്ടില്‍പ്പാലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടിയുടെ സഹോദരനടക്കമുള്ള പത്തംഗ സംഘമെത്തി കാറില്‍ നാദാപുരത്തേക്ക് തട്ടികൊണ്ടു പോയെന്നാണ് ആരോപണം.

ബന്ധുക്കള്‍ ചേര്‍ന്ന് ഇരു കാലുകളും കെട്ടിവെച്ച് മര്‍ദിച്ചു. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചെന്നും അജ്‌നാസ് പറയുന്നു.

കൈകാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് വീട്ടില്‍ തിരിച്ചെത്തിയ അജ്‌നാസിനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അജ്‌നാസിന്റെ ഇരുചക്ര വാഹനവും മൊബൈല്‍ ഫോണും തല്ലി തകര്‍ത്തു വെന്നാണ് ആക്ഷേപം.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് മര്‍ദ്ദനമേറ്റ അജ്‌നാസ് പറഞ്ഞു. എന്നാല്‍ ആരോപണ വിധേയരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here