സാഫ് കപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ

ഇക്കൊല്ലത്തെ സാഫ് കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ. ഒക്ടോബറില്‍ മാലിദ്വീപിലാണ് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലെ ധാക്കയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് ബാധയെ തുടര്‍ന്ന് ഇക്കൊല്ലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ഒക്ടോബര്‍ 1 മുതല്‍ 13 വരെയാണ് ടൂര്‍ണമെന്റ്. ഒക്ടോബര്‍ മൂന്നിനാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുക. ഇന്ത്യക്കും ബംഗ്ലാദേശിനുമൊപ്പം ശ്രീലങ്ക, മാലിദ്വീപ്, നേപ്പാള്‍ എന്നീ ടീമുകളാണ് സാഫ് കപ്പില്‍ കളിക്കുക. ഭൂട്ടാന്‍ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിലക്ക് നേരിടുന്ന പാകിസ്താന് കളിക്കാനാവില്ല.

ഈ ടീമുകളെല്ലാം ഗ്രൂപ്പ് ഘട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്നവരാണ് ഫൈനല്‍ കളിക്കുക. 13ആം തീയതിയാണ് കലാശപ്പോരാട്ടം.

ഒക്ടോബര്‍ ആറിന് ശ്രീലങ്കയെയും എട്ടിന് നേപ്പാളിനേയും പതിനൊന്നിന് മാലിദ്വീപിനേയും ഇന്ത്യ നേരിടും. അതേസമയം, വരുന്ന സീസണു മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് സൗഹൃദമത്സരങ്ങള്‍ കളിക്കാനൊരുങ്ങുകയാണ്. ഡ്യൂറന്‍ഡ് കപ്പില്‍ കളിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു മുന്നോടിയായി മൂന്ന് സൗഹൃദമത്സരങ്ങള്‍ കളിക്കാന്‍ തീരുമാനിച്ചു. ഐലീഗ് രണ്ടാം ഡിവിഷനില്‍ കളിക്കുന്ന കേരള യുണൈറ്റഡ് എഫ് സിയും ജമ്മു കശ്മീര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടീമും ആണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

കേരള യുണൈറ്റഡിനെതിരെ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ഓഗസ്റ്റ് 20, 23 തീയതികളില്‍ നടക്കുന്ന മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെയാവും നടക്കുക. ജമ്മു കശ്മീര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായുള്ള മത്സരം എപ്പോള്‍ നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഈ മത്സരങ്ങള്‍ക്കു ശേഷം ബ്ലാസ്റ്റേഴ്‌സ് ഡ്യൂറന്‍ഡ് കപ്പിനായി കൊല്‍ക്കത്തയിലേക്ക് തിരിക്കും.

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറന്‍ഡ് കപ്പ് സെപ്തംബര്‍ അഞ്ചിന് ആരംഭിക്കും. 2019ല്‍ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ഡ്യൂറന്‍ഡ് കപ്പ് നടത്തിയിരുന്നില്ല. കൊല്‍ക്കത്തയിലാണ് മത്സരങ്ങള്‍.

ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്‌സിനൊപ്പം എഫ് സി ഗോവ, ജംഷഡ്പൂര്‍ എഫ്‌സി, ഹൈദരാബാദ് എഫ് സി, ബെംഗളൂരു എഫ് സി എന്നീ ടീമുകള്‍ ഐ എസ് എലില്‍ നിന്ന് പങ്കെടുക്കും. ഗോകുലം കേരളയ്‌ക്കൊപ്പം മുഹമ്മദന്‍, സുദേവ ഡല്‍ഹി എന്നീ ടീമുകളാണ് ഐലീഗ് പ്രതിനിധികള്‍. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ആര്‍മി റെഡ്, ആര്‍മി ഗ്രീന്‍, ഇന്ത്യന്‍ നേവി എന്നിവരും കളിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News