‘പുതിയ സംരംഭങ്ങള്‍’ ഓണക്കാലത്ത് വനിതകള്‍ക്കുള്ള സമ്മാനവുമായി സഹകരണവകുപ്പ്

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ വനിതകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സഹകരണ വകുപ്പ് നല്‍കുന്ന ഓണസമ്മാനമാണ് വനിതാ സഹകരണ സംഘങ്ങളിലെ പുതിയ സംരംഭകത്വമെന്ന് സഹകരണം രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍.

നൂറു ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി തീരുമാനിച്ച വനിതാ സംരംഭകത്വം സഹകരണ ബാങ്കുകളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്ത് സഹകരണ സംഘങ്ങള്‍ക്കായി പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ കൈമാറുകയും ചെയ്തു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനുള്ള പുതിയ സംരംഭകത്വങ്ങളാണ് പത്ത് വനിതാ സഹകരണ സംഘങ്ങളില്‍ ആരംഭിച്ചത്. ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തില്‍ നടന്ന ചടങ്ങ് മന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സംരംഭക മേഖലയില്‍ മികച്ച മുന്നേറ്റമാണ് വനിതകള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം ലാഭവിഹിതത്തില്‍ നിന്നും നിന്നും നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന പണം കൃത്യമായി വിനിയോഗിക്കുന്നതിലും വനിതകള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ സഹകരണ സംഘങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വിതരണം ചെയ്തതോടെയാണ് പൊതു വിപണിയില്‍ ഇവയുടെ വില കുറഞ്ഞത്. സഹകരണ മേഖലയും പൊതുമേഖലയും നടത്തുന്ന ഇടപെടലാണ് സാധാരണക്കാര്‍ക്ക് സഹായമാകമാകുന്നത്.

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ പള്‍സ് ഓക്‌സിമീറ്ററിന് 3000 രൂപയായിരുന്നു സ്വകാര്യ കമ്പനികള്‍ ഈടാക്കിയിരുന്നത്. സഹകരണ സംഘങ്ങള്‍ ആദ്യം 12ം00 രൂപയ്ക്കും പിന്നീട് 500 രൂപയ്ക്കും നല്‍കി. ഇതോടെ പൊതുവിപണിയിലും വിലകുറഞ്ഞു. 1200 രൂപ ഈടാക്കിയിരുന്ന പിപിഇ കിറ്റുകള്‍ ഇപ്പോള്‍200 രൂപയ്ക്കു ലഭിക്കും. ഇതും സഹകരണ മേഖലയിലെ സംരംഭകത്വങ്ങളുടെ ഇടപെടലുകളെ തുടര്‍ന്നാണ്.
സംസ്ഥാനത്തെ വിവിധ മേഖലകളില്‍ സഹകരണ മേഖലയുടെ ഇടപെടലുകള്‍ വ്യാപിക്കുകയാണ്. സമൂഹത്തിലെ സാധാരണക്കാരന്റെ ഉന്നമനം ലക്ഷ്യം വച്ചുള്ള ഈ ഇടപെടലുകള്‍ വലിയ നേട്ടങ്ങള്‍ സൃഷ്ടിക്കും.

വരും ദിവസങ്ങളില്‍ യുവാക്കളുടെ സഹകരണ സംഘങ്ങള്‍ ഉദ്ഘാടനം ചെയ്യും. അവരുടെ ഇടപെടലുകള്‍ പുത്തന്‍ ദിശാബോധം നല്‍കും. നെല്‍ കര്‍ഷകരുടെ സഹകരണ സംഘങ്ങള്‍ സംഭരണവും വിതരണവും കൂടി വ്യാപമാക്കുന്നതോടെ ഈ മേഖലയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷനായ ചടങ്ങില്‍ വിവിധ സഹകരണ സംഘം ഭാരവാഹികള്‍, സഹകാരികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

തിരുവനനന്തപുരം ജില്ലയില്‍ ബാലരാമപുരം വനിതാ സഹകരണ സംഘം ( മാസ്‌ക് നിര്‍മ്മാണ യൂണിറ്റ് ), പത്തനംതിട്ട തുവയൂര്‍ നോര്‍ത്ത് വനിതാ സഹകരണ സംഘം ( മാസ്‌ക്, ക്യാരിബാഗ് ), കോട്ടയം ചങ്ങനാശേരി മുന്‍സിപ്പല്‍ വനിതാ സഹകരണ സംഘം ( ക്യാരി ബാഗ്, മാസ്‌ക് ), എറണാകുളം കോതമംഗലം വനിതാ സഹകരണ സംഘം ( മാസ്‌ക്, ക്യാരി ബാഗ്, സാനിറ്റൈസര്‍ ), തൃശ്ശൂര്‍ മുണ്ടത്തിക്കോട് വനിതാ സഹകരണ സംഘം ( പിപിഇ കിറ്റ്, സാനിറ്റൈസര്‍), പാലക്കാട് തൃക്കടീരി പഞ്ചായത്ത് വനിതാ സഹകരണ സംഘം ( മാസ്‌ക്, പിപിഇ കിറ്റ്, ടെയ്‌ലറിംഗ് യൂണിറ്റ് ), മലപ്പുറം പത്തപ്പിരിയം വനിതാ സഹകരണ സംഘം ( സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് ) കോഴിക്കോട് ചക്കിട്ടപ്പാറ വനിതാ സര്‍വീസ് സഹകരണ സംഘം ( സാനിറ്റൈസര്‍, മാസ്‌ക് ), കണ്ണൂര്‍ പരിയാരം വനിതാ സര്‍വീസ് സഹകരണ സംഘം ( മാസ്‌ക്, ഹാന്‍ഡ് വാഷ്, ക്യാരിബാഗ്, പിപിഇ കിറ്റ് ) കാസര്‍ഗോഡ് മടിക്കൈ വനിതാ സര്‍വീസ് സഹകരണ സംഘം ( സാനിറ്റൈസര്‍, മാസ്‌ക് ) തുടങ്ങിയ സംഘങ്ങള്‍ക്കാണ് ഇന്നലെ ധനസഹായം നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here