ഭര്‍ത്താവിന് മകന്‍ വേണം; 8 തവണ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിതയായി ഭാര്യ

മുംബൈയിലെ ഒരു വീട്ടമ്മയാണ് ഭര്‍ത്താവിന് മകന്‍ വേണമെന്ന പിടിവാശിയില്‍ 8 തവണ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിതയായത്. കൂടാതെ ഒരു ആണ്‍കുട്ടി ജനിക്കുന്നതിനായി 1500 സ്റ്റിറോയിഡ് കുത്തിവയ്പ്പുകളും നല്‍കി. ഇതില്‍ മാനസികമായി തളര്‍ന്നാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഒരു മകനുണ്ടാകണമെന്ന ഭര്‍ത്താവിന്റെ ആഗ്രഹം കൊണ്ടാണ് എട്ട് തവണ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചതെന്ന് കാണിച്ചാണ് മുംബൈയിലെ ദാദറില്‍ വസിക്കുന്ന 40-കാരിയായ സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്.

സ്ത്രീയുടെ ഭര്‍ത്താവും അമ്മായിയമ്മയും അഭിഭാഷകരാണ്. ഭര്‍ത്താവിന്റെ സഹോദരി ഒരു ഡോക്ടറും. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുടുംബത്തെയും സ്വത്തിനെയും സംരക്ഷിക്കാന്‍ ഒരു മകന്‍ വേണമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഇരയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്.

2009ല്‍ ഇര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായപ്പോള്‍ ഒരു കുഞ്ഞ് വേണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. ഇരയോടുള്ള ക്രൂരത പിന്നീട് വര്‍ദ്ധിക്കുകയായിരുന്നു. ഒരു ആണ്‍ കുട്ടിയുണ്ടാകാനുള്ള ചികിത്സയും മുംബൈയില്‍ ആരംഭിച്ചു.

ഭ്രൂണപരിശോധന നടത്തുന്നതിനായി ബാങ്കോക്കിലേക്ക് കൊണ്ടു പോകുമായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടിയാണെന്ന് അറിയുമ്പോഴാണ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചിരുന്നതെന്ന് സ്ത്രീ പറയുന്നു. ഇതിനായി പരാതിക്കാരന്‍ 1500 -ലധികം ഹോര്‍മോണ്‍, സ്റ്റിറോയിഡ് കുത്തിവയ്പ്പുകള്‍ നല്‍കിയതായാണ് പരാതിയില്‍ പറയുന്നത്.

ഇന്ത്യയില്‍ നിരോധിച്ച പരിശോധനയും ചികിത്സയും സമ്മതമില്ലാതെ വിദേശത്ത് നടത്തുകയും ജീവിതപങ്കാളിയെ എട്ട് തവണ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here