പി കെ നവാസിനെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതാക്കളിൽ സമ്മർദ്ദം ചെലുത്തി ഹരിത

എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വേഗത്തില്‍ നടപടിയെടുപ്പിക്കാന്‍ ലീഗ് നേതാക്കളിൽ  സമ്മർദ്ദം ചെലുത്തി ഹരിത നേതാക്കള്‍. വേഗത്തില്‍ നടപടി വന്നില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കാനും ഹരിത തീരുമാനിച്ചിട്ടുണ്ട് . ഹരിത നേതാക്കളുടെ ആവശ്യ പ്രകാരമാണ് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. ഫാത്തിമ തഹിലിയ ലീഗ് നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. അതേസമയം പി കെ നവാസിനെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ പൊലീസും അന്വേഷണം ഊർജിതമാക്കി.

ഹരിത നേതാക്കള്‍ക്കെതിരെ  സ്ത്രീവിരുദ്ധ  പരാമർശം നടത്തി അപമാനിച്ച എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് തന്റെ ഭാഗം വിശദീകരിക്കാൻ രണ്ടാഴ്ചയാണ്  പാർട്ടി നല്കിയിരിക്കുന്നത്. അതേ സമയം അധിക്ഷേപത്തിന് ഇരയായ ഹരിത പ്രവർത്തകർക്കെതിരെ ഉടൻ നടപടി എടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതിഷേധം കടുപ്പിച്ചുള്ള തുടർനടപടികളിലേക്ക് നീങ്ങാൻ ഹരിത തിരുമാനിച്ചത്.

എംഎസ്എഫ് നേതാക്കൾക്ക് വിശദീകരണത്തിനായി നൽകിയ  പതിനാല് ദിവസം വരെ കാത്തിരിക്കാനാവില്ലെന്നാണ് ഹരിത നേതാക്കളുടെ നിലപാട്. വേഗത്തിൽ  നടപടി വേണമെന്ന ആവശ്യമാണ്ഹരിത  ഉയർത്തുന്നത്. ഹരിത നേതാക്കളുമായി അനുഭാവം പുലർത്തുന്ന മുസ്ലിം ലീഗ് നേതാക്കളെ ഇക്കാര്യം അവർ അറിയിച്ചിട്ടുണ്ട്.

ഇതുവരെ പരസ്യ പ്രതിഷേധമുയർത്താത്ത നേതാക്കള്‍ നടപടി വൈകുകയാണെങ്കില്‍ പരസ്യപ്രതികരണത്തിലേക്ക് പോയേക്കും. ലീഗ് തീരുമാനത്തെ വെല്ലുവിളിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ ഫാത്തിമ തഹലിയ പരസ്യമായി രംഗത്തെത്തിയത് ലീഗ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇതിനിടെ നവാസിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഭൂരിഭാഗം  എം എസ് എഫ് കമ്മിറ്റികളും ഉറച്ച് നിൽക്കുന്നതും നേതൃത്വത്തിന് തലവേദനയായി.

നവാസിന് അനുകൂലായി മറ്റൊരു വിഭാഗം കത്തയച്ചെങ്കിലും ഭൂരിഭാഗം ജില്ലാ കമ്മറ്റികളും നടപടി ആവശ്യപ്പെടുന്നുണ്ട്. അതിനിടെ പി.കെ. നവാസിനും പി എ വഹാബിനും എതിരായി കോഴിക്കോട് വെള്ളയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ  അന്വേഷണം ഊർജിതമാക്കി. പി എ വഹാബ്  ഹരിത നേതാവിനോട്  മോശമായി സംസാരിച്ചതിന്റെ ഓഡിയോ റെക്കോര്‍ഡും  പൊലീസ് ശേഖരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News