കരൂർ ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന കരൂർ ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കവി, നോവലിസ്റ്റ്, നിരൂപകൻ, പ്രാസംഗികൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു കരൂർ ശശിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ദീര്‍ഘകാലമായി കിടപ്പിലായിരുന്നു അദ്ദേഹം.

തിരുവനന്തപുരം കരൂര്‍ രാമപുരത്ത് കെ രാഘവന്‍ പിള്ളയുടേയും ജി മാധവിയമ്മയുടേയുും മകനായ കരൂര്‍ ശശി 1939 മാര്‍ച്ച് 13-നാണ് ജനിച്ചത്. കവി, നോവലിസ്റ്റ്, നിരൂപകന്‍, പ്രസംഗകന്‍ എന്നീ നിലയില്‍ ശ്രദ്ധേയനായിരുന്നു. നാല് നോവലും 10 കാവ്യസമാഹാരങ്ങളും ഒരു ഖണ്ഡകാവ്യവും ഗദ്യസമാഹാരവും വിവര്‍ത്തനകൃതിയും അദ്ദേഹത്തിന്റേതായുണ്ട്.

കോളേജ് പഠനകാലത്തേ പത്രപ്രവര്‍ത്തകനായ അദ്ദേഹം പൊതുജനം, മലയാളി, തനിനിറം, കേരളപത്രിക, വീക്ഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1980-ല്‍ മാതൃഭൂമി തിരുവനന്തപുരം എഡിഷന്‍ തുടങ്ങിയപ്പോള്‍ അവിടെ ചേര്‍ന്നു. 21 വര്‍ഷം മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചു.

ആദ്യഭാര്യയായിരുന്ന പ്രശസ്ത എഴുത്തുകാരി പി ആര്‍ ശ്യാമളയുടെ സ്മരണയ്ക്കായി സ്ത്രീ സമൂഹത്തിനു വേണ്ടി സമര്‍പ്പിച്ച ‘ശ്യാമപക്ഷം’ എന്ന കവിത ശ്രദ്ധ നേടിയിരുന്നു. ശ്യാമപക്ഷം എന്ന കാവ്യസമാഹാരത്തിന് തോപ്പില്‍ രവി അവാര്‍ഡും ‘അറിയാമൊഴികള്‍’ എന്ന കാവ്യസമാഹാരത്തിന് ചങ്ങമ്പുഴ പുരസ്‌കാരവും പുത്തേഴന്‍ പുരസ്‌കാരവും മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മഹാനദിക്ക്’ മൂടാടി ദാമോദരന്‍ പുരസ്‌കാരവും ലഭിച്ചു. ‘തികച്ചും വ്യക്തിപരം’, ‘മെതിയടിക്കുന്ന്’ എന്നീനോവലുകളും അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളാണ്.

കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ സിനിമാ അവാര്‍ഡ് കമ്മറ്റിയില്‍ രണ്ട് തവണ അംഗമായിരുന്നു. ആകാശവാണിയിലും ദൂരദര്‍ശനിലും അദ്ദേഹം എഴുതിയ നിരവധി ഗാനങ്ങള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30-ന് പാറമേക്കാവ് ശാന്തിഘട്ടില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News