ഇന്ത്യയില്‍ നിന്നുള്ള വ്യാപാരം നിര്‍ത്തി താലിബാന്‍

ഇന്ത്യയില്‍ നിന്നുള്ള വ്യാപാരം നിര്‍ത്തി താലിബാന്‍. രാജ്യത്തുനിന്നുമുള്ള  കയറ്റുമതിയും ഇറക്കുമതിയും താലിബാന്‍  നിര്‍ത്തിവെച്ചു. അഫ്ഗാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

പ്രതിവർഷം 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ അഫ്​ഗാനുമായി നടത്തുന്നത്. ഇന്ത്യൻ എക്സ്പോർട്ട് ഓർ​ഗനൈസേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു.

അതേസമയം, അഫ്ഗാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. അമേരിക്കയെ ആണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിൽ താലിബാൻറെ മാത്രം സർക്കാരിനെ എതിർക്കുന്നതായി ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.

പ്രതിവര്‍ഷം ശരാശരി 800 മില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയും 500 മില്യണിന്‍റെ ഇറക്കുമതിയുമാണ് ഇന്ത്യയ്ക്ക് അഫ്ഗാനുമായുള്ളത്. പഞ്ചസാര,കാപ്പി, തേയില, സുഗന്ധ വ്യഞ്ജനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്നിവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്യുന്നത്.

ഇറക്കുമതി ചെയ്യുന്നതില്‍ പ്രധാനം ഡ്രൈ ഫ്രൂട്ട്സാണ്. പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ട്സിന്‍റെ വില വര്‍ദ്ധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. താലിബാന്‍ ഇത്ര വേഗത്തില്‍ അഫ്ഗാന്‍ കീ‍ഴടക്കുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍  കരുതിയില്ലെന്ന് ചെയര്‍മാന്‍ ഓഫ് ദ ജോയന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മില്ലി പറഞ്ഞു.

അഫ്ഗാന് പിടിക്കാന്‍ താലിബാന് മൂന്ന് മാസങ്ങള്‍ വേണ്ടിവരുമെന്ന അമേരിക്കന്‍ കണക്ക്കൂട്ടല്‍ തെറ്റിയെന്ന് സ്ഥിരീകരിക്കുന്നതാണ് മില്ലിയുടെ പ്രസ്താവന. അതേസമയം അമേരിക്കക്കാരെ നാട്ടിലെത്തിക്കാന്‍ യുഎസ് സേന ആഗസ്റ്റ് 31ന് ശേഷവും അഫ്ഗാനില്‍ തുടര്‍ന്നേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി. എന്നാല്‍ ഇത് രക്ഷാപ്രവര്‍ത്തിന് മാത്രമായിരിക്കും.

അഫ്ഗാന്‍റെ വടക്ക് കി‍ഴക്കന്‍ പ്രവശ്യയായ പാഞ്ച്ശീര്‍ കേന്ദ്രീകരിച്ച് ഒന്നാം വൈസ് പ്രസിഡന്‍റ് അമറുള്ല സലെയുടെ നേതൃത്വത്തില്‍ താലിബാനെതിരായ പ്രതിരോധ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കി‍ഴക്കന്‍ പ്രവശ്യയായ ജലാലാബാദിലും  താലിബാന്‍ വിരുദ്ധ പ്രതിഷേധം തുടരുന്നു. താലിബാന്‍ അതിക്രമത്തില്‍ ക‍ഴിഞ്ഞ ദിവസം ഇവിടെ 3 പേര്‍ മരിച്ചിരുന്നു.

അഫ്ഗാന്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ നാറ്റോ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ വെള്ളിയാ‍ഴ്ച യോഗം ചേരുന്നുണ്ട്. പുതിയ സര്‍ക്കാരിനോട് സ്വീകരിക്കേണ്ട പൊതു നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here