തൊഴിലാളി പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഉജ്ജ്വല ഏടാണ് സഖാവ് കൃഷ്ണപിള്ള: മുഖ്യമന്ത്രി 

തൊഴിലാളി പ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഉജ്ജ്വല ഏടാണ് സഖാവ് കൃഷ്ണപിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ചെറുപ്രായത്തിനിടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ അനിഷേധ്യനായ നേതാവായി അദ്ദേഹം മാറി.

സഖാവ് എന്ന വാക്ക് അന്വർഥമാക്കി സഖാക്കളുടെ സഖാവായി പി കൃഷ്ണപിള്ള ജനമനസ്സുകളിൽ അവരോധിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് പ്രതിസന്ധിയുടെ കാലത്ത് സഖാവിൻ്റെ രാഷ്ട്രീയ ജീവിതം നമുക്ക് കരുത്തായി മാറുകയാണ്. അദ്ദേഹം നിലകൊണ്ട മൂല്യങ്ങളും ലക്ഷ്യങ്ങളും മുറുകെപ്പിടിച്ചു നമുക്ക് മുന്നോട്ട് പോകാം. സഖാവ് കൃഷ്ണപിള്ളയുടെ സ്മരണകൾ എന്നും നമുക്ക് വഴികാട്ടട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്ന് സഖാവ് പി കൃഷ്ണപിള്ള ദിനം. കേരളത്തിലെ നവോത്ഥാനത്തിൻ്റെയും തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിൻ്റെയും ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണ് സഖാവ് കൃഷ്ണപിള്ളയുടെ ജീവിതം.

1906-ല്‍ വൈക്കത്ത് ജനിച്ച സഖാവ് കൃഷ്‌ണപിള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി ദേശീയസ്വാതന്ത്ര്യ സമരത്തിൽ സജീവമായി പ്രവർത്തിച്ചതിനു ശേഷം കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ രൂപീകരണത്തിന് നിർണായകമായ നേതൃത്വം നൽകി.

1937ല്‍ കോഴിക്കോട്ട്‌ രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു. പിന്നീട് 1939 ഒക്ടോബർ 13ന് പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി കൃഷ്ണപിള്ള തെരഞ്ഞെടുക്കപ്പെട്ടു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരേ നടന്ന പുന്നപ്രവയലാർ സമരമുൾപ്പെടെയുള്ള ഐതിഹാസികമായ നിരവധി പോരാട്ടങ്ങളിൽ നേതൃപരമായ പങ്ക് സഖാവ് വഹിക്കുകയുണ്ടായി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ സംഘടനാസംവിധാനവും രാഷ്ട്രീയ ദിശാബോധവും രൂപപ്പെടുത്താൻ കൃഷ്ണപിള്ള നൽകിയ സംഭാവനകൾ നിസ്തുലമാണ്.

1948 ആഗസ്‌റ്റ്‌ 19-ന്‌ ആലപ്പുഴയിലെ കണ്ണര്‍കാട്ട് ഗ്രാമത്തിലെ തന്റെ ഒളിവുജീവിതത്തിനിടെ മരണമടയുമ്പോൾ അദ്ദേഹത്തിന് നാൽപ്പത്തി രണ്ട് വയസ്സായിരുന്നു. തന്റെ ചെറുപ്രായത്തിനിടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ അനിഷേധ്യനായ നേതാവായി അദ്ദേഹം മാറി. സഖാവ് എന്ന വാക്ക് അന്വർഥമാക്കി സഖാക്കളുടെ സഖാവായി പി കൃഷ്ണപിള്ള ജനമനസ്സുകളിൽ അവരോധിക്കപ്പെട്ടു.

ഇന്ന് പ്രതിസന്ധിയുടെ കാലത്ത് സഖാവിൻ്റെ രാഷ്ട്രീയ ജീവിതം നമുക്ക് കരുത്തായി മാറുകയാണ്. അദ്ദേഹം നിലകൊണ്ട മൂല്യങ്ങളും ലക്ഷ്യങ്ങളും മുറുകെപ്പിടിച്ചു നമുക്ക് മുന്നോട്ട് പോകാം. സഖാവ് കൃഷ്ണപിള്ളയുടെ സ്മരണകൾ എന്നും നമുക്ക് വഴികാട്ടട്ടെ. അഭിവാദ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News