പുനെയിൽ നരേന്ദ്ര മോദി ക്ഷേത്രം; വിമർശനവുമായി പ്രതിപക്ഷവും സോഷ്യൽ മീഡിയയും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം നിർമ്മിച്ച് പൂനെയിലെ ബി ജെ പി പ്രവർത്തകൻ. ഔന്ത് ഡി പി റോഡിലാണ് നമോ ഫൌണ്ടേഷൻ ചെയർമാൻ കൂടിയായ മയൂർ മുണ്ടെയാണ് ക്ഷേത്രം പണിതത്. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതിന്റെ ആദര സൂചകമായാണ് പ്രധാനമന്ത്രിയുടെ പേരിൽ ക്ഷേത്രം നിർമ്മിച്ചതെന്ന് റിയൽ എസ്റ്റേറ്റ് ഏജന്റായ മയൂർ പറയുന്നു.

നരേന്ദ്ര മോദിയുടെ മാർബിളിൽ തീർത്ത ശില്പമാണ് ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിരിക്കുന്നത്. ജയ്‌പ്പൂരിൽ നിന്നുള്ള മാർബിൾ ഷോറൂം ഉടമ ദിവാൻഷു തിവാരിയാണ് പ്രതിമ നിർമിച്ചു നൽകിയത്. ജയ്‌പൂരിലെ ചുവന്ന മാർബിൾ ഉപയോഗിച്ചാണ് ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനങ്ങളെ കുറിച്ച് മയൂർ മുണ്ടെ രചിച്ച ഒരു കവിതയും ക്ഷേത്രത്തിന് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

എന്നാൽ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇത് മതഭ്രാന്താണെന്നാണ് കോൺഗ്രസ് വിമർശിച്ചത്. ഒരു വശത്ത് ബിജെപി മുൻ പ്രധാനമന്ത്രിമാരുടെ പേരുകൾ പദ്ധതികളിൽ നിന്ന് നീക്കം ചെയ്യുകയും , മറുവശത്ത്, അണികൾ നേതാക്കളുടെ ക്ഷേത്രങ്ങൾ പണിയുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെ കോൺഗ്രസ് വക്താവ് അനന്ത് ഗാഡ്ഗിൽ അപലപിച്ചു.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (എൻസിപി) നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി. ഓരോ നേതാക്കളുടെയും ക്ഷേത്രം പണിയുന്നതിനുള്ള ഇത്തരത്തിലുള്ള സംരംഭങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. പൂനെ നഗരത്തിന്റെ സാമൂഹിക-സാംസ്കാരിക പാരമ്പര്യം ഒരിക്കലും വ്യക്തികളെ അനാവശ്യമായി പ്രകീർത്തിക്കുന്നത് സഹിക്കില്ലെന്നും എൻസിപിയുടെ സിറ്റി യൂണിറ്റ് മേധാവി പ്രശാന്ത് ജഗ്തപ് പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലും വലിയ വിമർശനമാണ് മോദി ക്ഷേത്രം ഉയർത്തിയിരിക്കുന്നത്. കോറോണക്കാലത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച മഹാരാഷ്ട്രയിലെ പുനെയിൽ ഇങ്ങിനെയൊരു ക്ഷേത്രം ഉയർന്നത് അപഹാസ്യമായി പോയെന്നാണ് പലരും പ്രതികരിച്ചത്.

ആശുപത്രി കിടക്കകൾ ലഭിക്കാതെയും ഓക്സിജൻ സൗകര്യമില്ലാതെയും നിരവധി പേർ മരണമടഞ്ഞപ്പോൾ ഒരു രാഷ്ട്രീയ നേതാക്കളും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നെറ്റിസൻമാർ കുറ്റപ്പെടുത്തി. ആശുപത്രികൾക്കാണ് പൂനെയിൽ അഭാവമെന്നും ഇത്തരം ക്ഷേത്രങ്ങളല്ല ജനങ്ങൾക്ക് വേണ്ടതെന്നും യുവാക്കൾ അടക്കം പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here