‘താലിബാന്റെ വിജയം ഇപ്പോള്‍ത്തന്നെ വിശ്വരൂപം കാണിക്കുന്ന ഭൂരിപക്ഷവര്‍ഗീയവാദത്തിന് ഇന്ധനം പകരും’: എം എ ബേബി

സാമ്രാജ്യത്വ താല്പര്യങ്ങള്‍ മതതീവ്രവാദത്തെ കൂടുതലായി ഉപയോഗിച്ച് മനുഷ്യജീവിതത്തെ ദുസ്സഹദുരിതത്തിലാക്കുമോ എന്ന ആശങ്ക പങ്കുവച്ച് എം എ ബേബി. തൊഴിലാളി രാഷ്ട്രീയത്തിന്റെ ശക്തിക്ഷയം നമ്മുടെ ഭരണവര്‍ഗ്ഗത്തിന്റെ സാമ്രാജ്യവിധേയത്വം കൂടുതല്‍ പ്രകടമാക്കാന്‍ അവസരം നല്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും, കേരളത്തില്‍ പോലും ഈ താലിബാന്‍ വിജയം മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം കൂട്ടാം. ഇപ്പോള്‍ത്തന്നെ വിശ്വരൂപം കാണിക്കുന്ന ഭൂരിപക്ഷവര്‍ഗീയവാദത്തിന് ഇത് ഇന്ധനം പകരുകയും ചെയ്യുമെന്ന് എം എ ബേബി ചൂണ്ടിക്കാണിച്ചു.

എം എ ബേബി പറഞ്ഞത്:

‘അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നാണംകെട്ട ഒരു തോല്‍വിയാണ് നേരിട്ടത്. ഇരുപതു വര്‍ഷം മുമ്പ് അവര്‍ മറിച്ചിട്ട താലിബാന്‍ വീണ്ടും രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയും നാറ്റോ കൂട്ടാളികളും ചേര്‍ന്നുണ്ടാക്കിയ
അഷറഫ് ഗനി സര്‍ക്കാരിന്റെ പതനം സാമ്രാജ്യത്വ ശക്തികളുണ്ടാക്കിയ സൈന്യവും ഭരണകൂടവും എത്ര പൊള്ളയായിരുന്നു എന്നത് വ്യക്തമാക്കുന്നു.

അമേരിക്കന്‍ സാമ്രാജ്യത്വവും താലിബാന്റെ മതഭീകരവാദവും സ്ത്രീവിരുദ്ധ യാഥാസ്ഥിതികത്വവും ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ജീവിതം വലിയൊരു പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദക്ഷിണ ഏഷ്യയിലെന്നു മാത്രമല്ല ലോകമെങ്ങും ഇത് ആശങ്ക പരത്തിയിരിക്കുന്നു. സാമ്രാജ്യത്വ താല്പര്യങ്ങള്‍ മതതീവ്രവാദത്തെ കൂടുതലായി ഉപയോഗിച്ച് മനുഷ്യജീവിതത്തെ ദുസ്സഹദുരിതത്തിലാക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ ഇന്ത്യാ സര്‍ക്കാര്‍ അമേരിക്കന്‍ നയങ്ങളെ അന്ധമായി പിന്തുടരുകയായിരുന്നു. ഇന്ത്യയെ അത് ഈ മേഖലയില്‍ ഒറ്റപ്പെടുത്തുകയും നമ്മുടെ രാജ്യത്തിനു മുന്നിലുള്ള സാധ്യതകള്‍ പരിമിതപ്പെടുത്തുകയും ചെയ്തു. 1990കളിലെ താലിബാന്‍ ഭരണകൂടം തീവ്ര മതതീവ്രവാദസമീപനത്താല്‍ നിയന്ത്രിക്കപ്പെട്ടതായിരുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും കലയ്ക്കും സംസ്‌ക്കാരത്തിനും ആ ദുഷിച്ച ഭരണം അടിച്ചമര്‍ത്തലിന്റേതായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന വാഴ്ച ഇത്തരത്തിലുള്ള നയം സ്വീകരിക്കില്ല എന്നതിന് ഇതുവരെ വ്യക്തതയില്ല. സ്ത്രീകള്‍ തൊഴില്‍ എടുക്കരുത്, പെണ്‍കുട്ടികള്‍ വിദ്യാലയത്തില്‍ പോകരുത്, പുരുഷന്മാരുടെ കൂടെ അല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്നൊക്കെ ആയിരുന്നു ചട്ടങ്ങള്‍. ഇസ്ലാമിനെക്കുറിച്ച് താലിബാന്‍ നടത്തിയ വളരെ യാഥാസ്ഥിതികമായ ദുര്‍വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അവര്‍ ഭരണകൂടം നടത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് അഫ്ഗാനിസ്ഥാന്‍ ഒരു താവളം ആവുമോ എന്ന ആശങ്കയും ലോകമെമ്പാടും ഉയരുന്നുണ്ട്. ഇന്ത്യയിലും, കേരളത്തില്‍ പോലും ഈ താലിബാന്‍ വിജയം മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം കൂട്ടാം. ഇപ്പോള്‍ത്തന്നെ വിശ്വരൂപം കാണിക്കുന്ന ഭൂരിപക്ഷവര്‍ഗീയവാദത്തിന് ഇത് ഇന്ധനം പകരുകയും ചെയ്യും. ഈ രണ്ടു പ്രതിഭാസങ്ങളും കൂടെ ഇന്ത്യയിലെ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. തൊഴിലാളി രാഷ്ട്രീയത്തിന്റെ ശക്തിക്ഷയം നമ്മുടെ ഭരണ വര്‍ഗ്ഗത്തിന്റെ സാമ്രാജ്യവിധേയത്വം കൂടുതല്‍ പ്രകടമാക്കാന്‍ അവസരം നല്കും.

സാമ്രാജ്യതാല്പര്യത്തിനും താലിബാന്‍ മട്ടിലുള്ള മതമൗലികവാദത്തിനുമെതിരായ സമരം ജനജീവിതപ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള സമരവുമായി കൂട്ടിയോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ സാഹചര്യത്തില്‍ നമ്മുടെ കടമ.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News