‘പാര്‍ട്ടിയില്‍ ഉന്നയിക്കപ്പെടുന്ന പരാതികളും വിമര്‍ശനങ്ങളും യഥാസമയം കേള്‍ക്കാതെ പോകുന്നതാണ് ലീഗിനെ പ്രതിസന്ധിയിലാക്കുന്നത്’: ഹരിതയെ അനുകൂലിച്ച് കെ എച്ച് എസ് ടി യു യു സംസ്ഥാന പ്രസിഡന്റ്

ഹരിതയെ അനുകൂലിച്ച് ലീഗ് അധ്യാപക സംഘടനയായ കെ എച്ച് എസ് ടി യു യു സംസ്ഥാന പ്രസിഡന്റ് നിസാര്‍ ചേലേരി. ലിംഗനീതി ഉറപ്പ് വരുത്തുക പോലുള്ള സുപ്രധാന അജണ്ടകളോട് മുഖം തിരിക്കുന്ന സമീപനവുമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും നയപരമായ തീരുമാനങ്ങള്‍ ഹരിതയിലേക്കുള്ള പെണ്‍കുട്ടികളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെടാന്‍ കാരണമാകരുതെന്നും നിസാര്‍ പറഞ്ഞു.

നിസാര്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:

‘സോഷ്യല്‍ എഞ്ചിനിയറിംഗില്‍ നിര്‍ണ്ണായക പങ്ക് നിര്‍വഹിക്കാന്‍ കെല്പുള്ളവരാണ് പുതിയ കാലത്തെ പെണ്‍കുട്ടികള്‍. ഈ വസ്തുതയുടെ തിരിച്ചറിവില്‍ നിന്ന് തന്നെയാണ് ‘ഹരിത’ എന്ന പെണ്‍കുട്ടികളുടെ കൂട്ടായ്മ ക്യാമ്പസ്സുകളില്‍ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് എം എസ് എഫിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടത്.

ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള ഈ തീരുമാനം എം എസ് എഫിന്റെ രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു നവോത്ഥാന പ്രക്രിയയുടെ തുടക്കമായിരുന്നു. മാതൃ പ്രസ്ഥാനമായ മുസ്ലിം ലീഗിനും എം എസ് എഫിനും അഭിമാനിക്കാന്‍ വക നല്‍കുന്ന തരത്തില്‍ ക്യാമ്പസ്സുകളില്‍ ഉയര്‍ന്ന രാഷ്ട്രീയ ബോധവും ജനാധിപത്യ മൂല്യവും ഉയര്‍ത്തിപ്പിടിച്ച് സക്രിയമായി ഇടപെടല്‍ നടത്തി ഹരിതക്ക് അക്കാദമിക് പൊതു ഇടങ്ങളില്‍ വലിയ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ സാധിച്ചിട്ടുണ്ടെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

ലിംഗനീതി ഉറപ്പ് വരുത്തുക പോലുള്ള സുപ്രധാന അജണ്ടകളോട് മുഖം തിരിക്കുന്ന സമീപനവുമായി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മുന്നോട്ട് പോകാന്‍ സാധിക്കില്ല. നയപരമായ തീരുമാനങ്ങള്‍ ഹരിതയിലേക്കുള്ള പെണ്‍കുട്ടികളുടെ വാതിലുകള്‍ കൊട്ടിയടക്കപ്പെടാന്‍ കാരണമാകരുത്. ക്യാമ്പസ്സുകളില്‍ പുതിയ രാഷ്ട്രീയത്തോട് സംവദിക്കുകയും അനീതിക്കെതിരെയും അരാഷ്ട്രീയ വാദത്തോടും പോരാടുകയും ചെയ്യുന്ന പെണ്‍കരുത്തായി മാറാന്‍ സാധിച്ച ഹരിതക്ക് കൂടുതല്‍ ഊര്‍ജ്ജവും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കലാണ് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകേണ്ടത്.
അക്കാദമിക് മികവിന്റെയും, സര്‍ഗാത്മകതയുടെയും, ക്യാമ്പസ്സുകളിലെ നേതൃത്വം പെണ്‍കുട്ടികളില്‍ എത്തുന്ന കാലത്തെ കുറിച്ച് സ്വപ്നം കണ്ട മഹാനായ സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ദീര്‍ഘവീക്ഷണത്തിന് ഉത്തരം നല്‍കിയവരെ തളര്‍ത്തരുത്.

പാര്‍ട്ടിയില്‍ ഉന്നയിക്കപ്പെടുന്ന പരാതികളും വിമര്‍ശനങ്ങളും യഥാസമയം കേള്‍ക്കാതെ പോകുന്നതാണ് പലപ്പോഴും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന പാര്‍ട്ടിക്ക് മുറിവേല്‍ക്കപ്പെടുന്ന പരസ്യ പ്രതികരണങ്ങളായി പൊതു സമൂഹത്തിലെത്തുന്നത്. വിമര്‍ശനങ്ങളെയും പരാതികളെയും തിരുത്തലിനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here