ചിന്താ ജെറോമിനെതിരെയുള്ള വ്യാജ ആരോപണങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്നു; വസ്തുതകള്‍ ഇങ്ങനെ

യുവജന കമ്മീഷൻ ചെയർപെഴ്സൻ ചിന്ത ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ വൻ സൈബർ അക്രമണമാണ് നടക്കുന്നത്. ചിന്ത ജെറോമിന്റെ പി എച്ച് ഡി നിയമ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ആക്രമണം. കൂടാതെ യുവജന കമ്മീഷൻ ചെയർ പെഴ്സണായിരിക്കെത്തന്നെ ജെആർഎഫ് ഫെലോഷിപ്പ് തുക കൈപ്പറ്റിയെന്നാണ് പ്രധാന ആരോപണം. ഒരു പൊതുപ്രവർത്തകയ്ക്ക് നേരെ ഇത്തരത്തിൽ ആക്ഷേപം ഉയരുമ്പോൾ വസ്തുത എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

യൂണിവേഴ്സിറ്റി രേഖകൾ പ്രകാരം ചിന്ത ജെറോം 2011 ഡിസംബർ 6 നാണ് കേരള സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണം ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്നത് ( UO.NO. ACE1. B3/35375/2011). തുടർന്ന് 2014 നവംബർ 10ന് ജെ ആർ എഫ് യോഗ്യത നേടുകയും ചെയ്തു. (UGC Ref No. 2445/(NET-JUNE 2014).

എന്നാൽ 2016 ഒക്ടോബർ 14 മുതൽ ചിന്തയുടെ അപേക്ഷ പ്രകാരംഫുൾ ടൈം പി എച്ച് ഡി പാർട്ട് ടൈം ആയി മാറ്റിക്കൊണ്ട് യൂണിവേഴ്സിറ്റി ഉത്തരവ് ( Ac E1V/1/51593/15) പുറപ്പെടുവിച്ചു. 2016 മെയ് വരെയുള്ള ഫെലോഷിപ്പ് മാത്രമാണ് ചിന്തയ്ക്ക് അനുവദിച്ചിട്ടുള്ളത് എന്ന് ഈ ഉത്തരവിൽ വ്യക്തമായും പരാമർശിക്കുന്നുണ്ട്.

ഇതിന് ശേഷം യാതൊരു ആനൂകൂല്യവും യൂ ജി സിയിൽ നിന്നും കൈപറ്റിയിട്ടുമില്ല. കൃത്യമായി പറയുകയാണെങ്കിൽ 14. 10. 2016 മുതൽ ചിന്ത ജെറോം പാർട്ട് ടൈം ഗവേഷകയായിരിക്കെ യുവജന കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റത് (Go. Order No. 209/16/S & YA).

ഇതോടെ ചിന്ത ജെറോം യുവജന കമീഷനിൽ നിന്നും ശമ്പളം കൈപ്പറ്റുന്നതിനൊപ്പം ജെ ആർ എഫ് തുക കൈപറ്റി എന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങൾ പൊളിയുകയാണ്. കാരണം ജെ ആർ എഫ് മാനദണ്ഡ പ്രകാരം മറ്റ് ജോലികൾ ചെയ്ത് ശമ്പളം കൈപറ്റുന്നവർക്ക് ജെ ആർ എഫ് ആനൂകൂല്യങ്ങൾ ലഭിക്കുകയില്ല. കൂടാതെ ചിന്ത ജെറോം പാർട്ടി കത്ത് കൊണ്ട് നേടിയ പി എച്ച് ഡിയെന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുൻപ് എന്താണ് ജെ ആർ എഫ് യോഗ്യതയെന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

യുജിസി നെറ്റ് പരീക്ഷയിൽ നെറ്റ് കട്ട് ഓഫീനേക്കാളും ഉയർന്ന മാർക്ക് നേടുമ്പോഴാണ് ജെ ആർ എഫ് യോഗ്യത ആയി കണക്കാക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനമായ യുജിസി നടത്തുന്ന പരീക്ഷയാണിത്. ഇതിൽ സംസ്ഥാനത്തിന് യാതൊരു പങ്കുമില്ലയെന്നത് പരിശോധിച്ചാൽ വ്യക്തവുമാണ്.

ശമ്പളം സംബന്ധിച്ചുള്ള ചില പരാമർശങ്ങൾക്കും ഈ സന്ദർഭത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. യുവജനകമ്മീഷൻ ചെയർപെഴ്സണായി ചുമതലയേൽക്കുമ്പോൾ ചിന്തയ്ക്ക് ലഭിച്ചിരുന്ന ശമ്പളം 50,000 രൂപ ആയിരുന്നു. ആ കാലയളവിൽ പ്രതിമാസം ലഭിച്ചിരുന്ന ഫെലോഷിപ്പ് തുക വീട്ടുവാടക അലവൻസ് ഉൾപ്പെടെ അതിലേറെ വരും.

എന്നാൽ അഞ്ച് മാസത്തെ കുടിശിക തുക കിട്ടാനുള്ളത് കൂടി വേണ്ടെന്ന് വെച്ചാണ് ജെആർഎഫ് റെലിൻക്വിഷ് ചെയ്യാൻ അപേക്ഷ നൽകിയത്. പാർട്ടി ഏൽപ്പിച്ച ചുമതല ഏറ്റെടുക്കുന്നതിനായി ഇത്തരം ധനപരമായ നഷ്ടങ്ങൾ ചിന്താ ജെറോം എന്ന ഇടത് പക്ഷക്കാരിയ്ക്ക് തടസമായിരുന്നില്ല.

അതേസമയം ഡോക്‌ടറേറ്റ്‌ സംബന്ധിച്ച് വ്യാപകമായി വ്യാജ പ്രചാരണം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക് .ഒരു വ്യക്തിക്ക് ഡോക്ടറേറ്റ് ലഭിക്കണമെങ്കിൽ പ്രസ്തുത വിഷയത്തിൽ പഠനം പൂർത്തിയാക്കുകയും തങ്ങളുടെ ഗൈഡിനെ കൂടാതെ ഒരു സംഘം ഗൈഡുകളുടെ സാന്നിദ്ധ്യത്തിൽ ഓപ്പൺ ഡിഫൻസ് നേരിടുകയും വേണം . പഠനവുമായി ബന്ധപ്പെട്ട് അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി വിശദികരണം നൽകിയില്ലെങ്കിൽ ഗവേഷകൻ പരാജയപെടുകയാണ്.

അതായത് ഇത്തരം കടമ്പകൾ താണ്ടിയാണ് ചിന്ത ജെറോം ഡോക്ടറേറ്റ് നേടിയത് എന്നത് വ്യക്തം. ചിന്ത ജെറോമിന്റെ പി എച്ച് ഡിയെ കുറിച്ച് ഇനിയും ആശങ്ക പ്രകടിപ്പിക്കുന്നവർ അവർ പബ്ലീഷ് ചെയ്ത പേപ്പറുകളും തീസിസും പരിശോധിക്കുക . അപ്പോൾ അവയുടെ ഗുണനിലവാരം വ്യക്തമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here