വേദനയോടെ ലോകം; കാബൂളിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ നിന്നും വീണ് മരിച്ചവരില്‍ ഫുട്‌ബോള്‍ താരവും

കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗമായ പത്തൊൻപതുകാരൻ സാക്കി അന്‍വാരിയാണ് മരിച്ചത്. പതിനാറാം വയസുമുതല്‍ ദേശീയ ജൂനിയര്‍ ടീമംഗമായിരുന്നു സാക്കി.

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാന്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് സാക്കി അന്‍വാരി കയറിയത്. പറന്നുയരുന്ന വിമാനത്തിൽ നിന്ന് രണ്ടുപേർ താഴേക്ക് പതിക്കുന്നതിന്റെ ദാരുണദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. ഇതിൽ ഒരാൾ സാക്കി അൻവാരി ആയിരുന്നുവെന്നാണ് വിവരം.

തിങ്കളാഴ്ച രാവിലെ അമേരിക്കന്‍ വ്യോമസേന വിമാനം (റീച്ച്885) റൺവേ തൊട്ടതും നൂറുകണക്കിനാളുകളാണു വിമാനം വളഞ്ഞ് അതിലേക്കു തൂങ്ങിക്കയറിയത്. വിമാനം വളഞ്ഞ ആളുകളെ സുരക്ഷാസേന നീക്കം ചെയ്ത് വിമാനം പറന്നുയരാൻ ശ്രമിക്കുമ്പോഴാണ് ലാൻഡിങ് ഗീയറിൽ തടസ്സം കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണു അടിഭാഗത്തു വീൽവെല്ലിനുള്ളിൽ മനുഷ്യശരീര ഭാഗങ്ങൾ കണ്ടത്.

അതേസമയം, രാജ്യാന്തര വിമാനത്താവളത്തിലെ അമേരിക്കൻ സൈനിക വിമാനത്തിന്റെ ചക്രപ്പഴുതിനുള്ളിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അമേരിക്കൻ വ്യോമസേന അന്വേഷണം ആരംഭിച്ചു. എന്നാൽ കഴിഞ്ഞ ദിവസം വിമാനത്തിൽ തൂങ്ങിക്കയറാൻ ശ്രമിക്കുന്നതിനിടെ എത്രപേർ കൊല്ലപ്പെട്ടുവെന്നത് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കാബൂൾ വിമാനത്താവളത്തിലേക്ക് ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് രാജ്യം വിടാനെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News