രക്ഷപെടാനുള്ള ശ്രമത്തിനിടെ അഫ്ഗാനില്‍ ഫുട്‌ബോള്‍ താരത്തിന് വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ കുടുങ്ങി ദാരുണാന്ത്യം

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പറന്നുയര്‍ന്ന യു എസ് സൈനിക വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ കുടുങ്ങി അഫ്ഗാന്‍ ഫുട്ബോള്‍ താരം സകി അന്‍വരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ യൂത്ത് ദേശീയ ടീമില്‍ അംഗമായിരുന്ന സകി അന്‍വരി യു എസ് എയര്‍ഫോഴ്സ് സി 7 വിമാനത്തിന്റെ ലാന്റിങ് ഗിയറിലിരുന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരിക്കുകയായിരുന്നുവെന്ന് അഫ്ഗാനിലെ പ്രമുഖ വാര്‍ത്താ ചാനല്‍ അരിയാന ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പുറപ്പെട്ട യു എസ് വ്യോമസേനാ വിമാനത്തില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സകി അന്‍വരിയടക്കമുള്ളവര്‍ ലാന്റിങ് ഗിയറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ രണ്ടുപേര്‍ പിടിവിട്ടു നിലത്തു വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിമാനത്തില്‍ നിന്ന് വീണ ഇരുവരും തല്‍ക്ഷണം മരിച്ചതായാണ് വിവരം. ഒരാള്‍ ലാന്റിങ് ഗിയറില്‍ കുടുങ്ങിയ കാര്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിമാനം ഖത്തറില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തിയപ്പോഴാണ് സകിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് ബ്രിട്ടീഷ് മാധ്യമമായ ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

കാബൂള്‍ വിമാനത്താവളത്തില്‍ അമേരിക്കന്‍ സൈനിക വിമാനം എത്തിയതിനു പിന്നാലെ കയറിപ്പറ്റാന്‍ ശ്രമം നടത്തുന്നവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിമാനം റണ്‍വേയിലൂടെ ടാക്സി ചെയ്യുമ്പോള്‍ വീല്‍ ബേയ്ക്കു പുറത്ത് നിരവധി ആളുകള്‍ ഇരിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നു. ടേക്ക്ഓഫ് ചെയ്ത വിമാനത്തില്‍ നിന്ന് തെറിച്ചുവീണവര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരിലൊരാള്‍ ഒരു വീടിന്റെ ടെറസില്‍ വീഴുകയും ശരീരഭാഗങ്ങള്‍ ഛിന്നഭിന്നമാവുകയും ചെയ്തു.

നിലത്തുവീണവര്‍ക്കൊപ്പം സകി ലാന്റിങ് ഗിയര്‍ ഭാഗത്താണ് ഇരുന്നതെന്നും അവിടെ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലാന്റിങ് ഗിയര്‍ അടക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് വിമാനം ഖത്തറില്‍ ഇറക്കി പരിശോധിച്ചപ്പോഴാണ് സകിയുടെ മൃതദേഹം യു എസ് സൈനികര്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് സകി അന്‍വരി തന്നെയാണെന്ന് അഫ്ഗാനിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് ജനറല്‍ ഡയറക്ടറേറ്റാണ് സ്ഥിരീകരിച്ചത്. അഫ്ഗാന്‍ ദേശീയ ടീമിന്റെ അസിസ്റ്റന്റ് മാനേജര്‍ അലി അസ്‌കര്‍, സകിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News