‘മറ്റൊരാളെ വ്യക്തിഹത്യ ചെയ്യാന്‍ അവകാശമില്ലെന്ന് എന്നാണ് ഇവര്‍ തിരിച്ചറിയുക?’: ജോണ്‍ ബ്രിട്ടാസ് എം പി

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ സൈബര്‍ അക്രമണമാണ് നടക്കുന്നത്. വസ്തുത പരിശോധിക്കാതെയാണ് പലരും ചിന്തക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. വ്യക്തികളെ അകാരണമായി ടാര്‍ഗറ്റ് ചെയ്യുന്ന പരിപാടി ഒരുതരത്തിലും ആശാസ്യമല്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു.

ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞത്:

‘തങ്ങളുടെ രാഷ്ട്രീയ വിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കാത്തവരെ എന്തിനും എപ്പോഴും ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുന്ന രീതി സാമൂഹികമാധ്യമങ്ങളില്‍ പതിവാണ്. വിവരവും വിദ്യാഭ്യാസവുമുണ്ട് എന്ന് അഹങ്കരിക്കുന്നവരാണ് ഇത്തരം വേട്ടയാടലിന് നേതൃത്വം നല്‍കുന്നത്. തുടര്‍ച്ചയായി വേട്ടയാടപ്പെടുന്നവരുടെ പട്ടിക എടുക്കുകയാണെങ്കില്‍ അതിന് മുന്‍പന്തിയില്‍ വരുന്ന ഒരാളാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം.

ഒരു സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ വിഷലിപ്തമായ ആക്രമണങ്ങള്‍ക്ക് ഇരയാക്കുക എന്നത് ഒരു വിനോദം പോലെ കൊണ്ടു നടക്കുന്നവരുണ്ട്. എസ് എഫ് ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പഠനത്തിലും പോരാട്ടത്തിലും മുന്‍പന്തിയിലായിരുന്നു ചിന്ത. അവര്‍ ഡോക്ടറേറ്റ് നേടിയതിനെ പോലും ആക്രമണത്തിനുള്ള കാരണമാക്കാന്‍ ചിലര്‍ ശ്രമിച്ചു എന്നത് നമ്മുടെ രാഷ്ട്രീയ സംവാദ പ്രക്രിയയുടെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.

ജെ ആര്‍ എഫും യൂത്ത് കമ്മീഷനിലെ വേതനവും ഒരുമിച്ച് കൈപ്പറ്റി എന്ന് ചിലര്‍ വിധിയെഴുത്ത് നടത്തി. വേതനത്തിന് അര്‍ഹത നേടിയപ്പോള്‍ത്തന്നെ ഗവേഷണത്തിനുള്ള ജെ ആര്‍ എഫ് ധനസഹായം അവര്‍ വേണ്ടെന്നു വച്ചിരുന്നു. വ്യക്തികളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് വലിയ കേമമായി കരുതുന്നവരുണ്ട്. മറ്റൊരാളെ വ്യക്തിഹത്യ ചെയ്യാന്‍ അവകാശമില്ലെന്ന് എന്നാണ് ഇവര്‍ തിരിച്ചറിയുക? ശക്തമായ എതിര്‍പ്പുകളും വിയോജിപ്പുകളും എപ്പോഴും സമൂഹത്തിന് അനിവാര്യമാണ്. എന്നാല്‍ ചില വ്യക്തികളെ അകാരണമായി ടാര്‍ഗറ്റ് ചെയ്യുന്ന പരിപാടി ഒരുതരത്തിലും ആശാസ്യമല്ല.

ജെ ആര്‍ എഫ് ധനസഹായം വേണ്ട എന്ന ചിന്തയുടെ അപേക്ഷ അംഗീകരിച്ച് കൊണ്ട് കേരള യൂണിവേഴ്സിറ്റി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് കൂടി ചേര്‍ക്കുന്നു.’

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel