ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.അമ്പലപ്പുഴ നിയമസഭാ  മണ്ഡലത്തിൽ മത്സരിച്ച ലിജുവിനെ തോൽപ്പിക്കാൻ ഫ്ലക്‌സ്‌ ബോർഡടക്കം സ്ഥാപിച്ച് കുഞ്ഞുമോൻ സമാന്തര പ്രവർത്തനം നടത്തിയെന്ന് കാട്ടി ഡിസിസി സെക്രട്ടറി സഞ്ജീവ് ഭട്ട്‌ അടക്കം നിരവധി പേർ കെപിസിസിക്ക് പരാതി നൽകിയിരുന്നു.

തുടർന്ന് ഇല്ലിക്കൽ കുഞ്ഞുമോനോട് വിശദീകരണം ആവശ്യപ്പെട്ടു. കുഞ്ഞുമോൻ നൽകിയ വിശദീകരണം തള്ളിയാണ്‌  ഒരു വർഷത്തേയ്‌ക്ക്‌ സസ്‌പെൻഡ് ചെയ്‌തതെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിക്ക്‌ അയച്ച കത്തിൽ പറയുന്നു . അതേസമയം അറിയിപ്പ്‌ ലഭിച്ചിട്ടില്ലെന്ന്‌ കുഞ്ഞുമോൻ പറഞ്ഞു.

മതന്യൂനപക്ഷങ്ങൾക്ക്‌ കോൺഗ്രസിൽ വിശ്വാസം നഷ്‌ടപ്പെട്ടതാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ പരാജയപ്പെട്ടതെന്ന്‌ കുഞ്ഞുമോൻ നൽകിയ വിശദീകരണത്തിൽ പറയുന്നു. രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണമാണ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു ഗുണമായത്‌.

ന്യൂനപക്ഷങ്ങൾക്ക്‌ വിശ്വാസമുള്ള ഒരു നേതാവ് പോലും ഇന്ന് കോൺഗ്രസിലില്ല. കേരളം മുഴുവൻ ന്യൂനപക്ഷങ്ങൾ യുഡിഎഫിന് എതിരായിരുന്നു. അതിന്റെ  ഭാഗമായാണ് അമ്പലപ്പുഴ മണ്ഡലത്തിലെ പരാജയവും.

അമ്പലപ്പുഴയിൽ  ലിജു മത്സരിച്ചത് ഒരു മുന്നൊരുക്കവും ഇല്ലാതെയാണ്. ജി സുധാകരൻ മത്സരിക്കുന്നില്ലെന്ന് കേട്ടതോടെ ലിജു ചാടിപ്പുറപ്പെടുകയായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിൽ നഗരസഭയിലും അഞ്ചു പഞ്ചായത്തിലും കോൺഗ്രസ്‌ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചില വാർഡുകളിൽ യുഡിഎഫിന്‌ കെട്ടിവച്ച കാശുപോലും കിട്ടിയിരുന്നില്ലെന്ന്‌ കുഞ്ഞുമോൻ നൽകിയ വിശദീകരണ കത്തിൽ പറയുന്നു.

അതേസമയം, കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെു. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡൻ്റായി കെപിസിസി സെക്രട്ടറിയായ രാജേന്ദ്ര പ്രസാദിനെ നിർദ്ദേശിച്ചതിനാലാണ് കൊടിക്കുന്നിൽ സുരേഷിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News