പേടിച്ചുവിറച്ചിരുന്ന 4 പെണ്‍കുട്ടികള്‍.. ഒറ്റ രാത്രികൊണ്ട് അവരുടെ ജീവിതം മാറ്റിമറിച്ച മലയാളി ദമ്പതികള്‍..  

ഒരു മുബൈ യാത്രക്കിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നാലു പെണ്‍കുട്ടികള്‍. ചേച്ചി അനിയത്തിമാരെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു മൂലയ്ക്ക് ഭയന്നു വിറച്ചിരിക്കുന്നു. സ്വാഭാവികമായും നോക്കി ഒന്നു സഹതപിച്ചു തങ്ങളുടെ തിരക്കുകളിലേക്ക് നടന്നു പോവുകയാണ് ആരും ചെയ്യുക. എന്നാല്‍ കരുണയുടെ കരങ്ങള്‍ അവര്‍ക്കു നേരെ നീണ്ടത് ആ ജീവിതങ്ങളെ മാറ്റിമറിച്ചു.

വേണമെങ്കില്‍ കണ്ടില്ലെന്ന് നടിക്കാമായിരുന്നു. അല്ലെങ്കില്‍ പോലീസിനെ ഏല്‍പ്പിച്ച് ആ ജീവിതങ്ങളെ വിധിയ്ക്ക് വിട്ടു നല്‍കാമായിരുന്നു. പക്ഷേ, കോട്ടയംകാരായ തോമസിനും നീനക്കും അങ്ങനെ അവരെ ഉപേക്ഷിച്ചു പോവാന്‍ തോന്നിയില്ല. പേടിച്ചുവിറച്ച് സ്റ്റേഷനില്‍ ഒറ്റയ്ക്കായ ആ പിഞ്ചോമനകളെ ചേര്‍ത്തുപിടിച്ചു. അവരോടു സംസാരിച്ചു, ആശ്വസിപ്പിച്ചു. യാത്ര മാറ്റിവെച്ച് അവരെയും കൊണ്ട് നാട്ടിലേക്കു തിരിച്ചു.. പിന്നീട് അവരെ തങ്ങളുടെ മക്കളായി വളര്‍ത്താന്‍ തോമസും നീനയും തീരുമാനിച്ചു.

2019ലായിരുന്നു സംഭവം. പുതുപ്പള്ളി പേരേപ്പറമ്പില്‍ പി.എ.തോമസിനും നീനയ്ക്കും ഒരു മുംബൈ യാത്രയുണ്ടായിരുന്നു. എന്നാല്‍ ടിക്കറ്റ് കിട്ടിയില്ല. പുണെയ്ക്ക് ടിക്കറ്റെടുത്ത് അവിടെനിന്ന് മുംബൈയ്ക്ക് പോകാന്‍ നിശ്ചയിച്ചു.

പുണെ സ്റ്റേഷനില്‍ തീവണ്ടിക്കായി കാത്തിരിക്കുമ്പോഴാണ് ഒരു മൂലയ്ക്ക് ഒരു ആറുവയസുകാരി മൂന്നു അനിയത്തിമാരെയും ചേര്‍ത്തുപിടിച്ച് ഇരിക്കുന്നത് കണ്ടത്. തോമസ് അരികില്‍ ചെന്ന് സംസാരിക്കാന്‍ ശ്രമിച്ചു. അല്പനേരത്തെ ഇടപെടല്‍ ഇഴപിരിയാനാവാത്ത അടുപ്പത്തിലേക്ക് മാറി. നാലുദിവസം മുമ്പ് അച്ഛനമ്മമാര്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചുപോയതായിരുന്നു അവരെ.

ആ കുഞ്ഞുങ്ങള്‍ ഇന്ന് പേരേപ്പറമ്പില്‍ വീട്ടിലുണ്ട്, തോമസിന്റെയും നീനയുടെയും മക്കളായി. എയ്‌റ എല്‍സ തോമസ് (9), ഇരട്ടകളായ ആന്‍ട്രിയ റോസ് തോമസ്, ഏലയ്ന്‍ സാറാ തോമസ് (8), അലക്‌സാട്രിയ സാറാ തോമസ് (6) എന്നിവര്‍ക്കൊപ്പം ഇത് പൊന്നോണമാണ്. ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ മക്കള്‍ക്കൊപ്പം ആദ്യ ഓണം.

പുണെ സ്റ്റേഷനില്‍ കണ്ടപ്പോള്‍ത്തന്നെ ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന തീരുമാനം തോമസിന്റെ മനസ്സില്‍ നിറഞ്ഞു. നീനയ്ക്കും സമ്മതം. അന്ന് മുംബൈ യാത്ര വേണ്ടെന്നുവെച്ച് പുണെയിലെ സുഹൃത്തിനൊപ്പം കുട്ടികളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക്. ഇടയ്ക്ക് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തെ താല്‍ക്കാലിക ഏറ്റെടുക്കല്‍.

കുട്ടികളുമായി നാട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് വാടകവീട്ടിലേക്ക് മാറേണ്ടിവന്നു. 2019-ല്‍ പ്രാഥമിക നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ദത്തെടുക്കല്‍ ഈ ജൂലായില്‍ സംസ്ഥാന ശിശുക്ഷേമവകുപ്പിന്റെ അംഗീകാരം കിട്ടിയതോടെയാണ് പൂര്‍ണമായത്. ഇതിനിടയിലാണ് തോമസിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വികസനസമിതിയുടെ കീഴില്‍ പി.ആര്‍.ഒ. ജോലി ലഭിക്കുന്നത്. സ്ഥലം വാങ്ങി വീടുവെച്ചു.

ഇരുവരുടെയും മക്കളായി അവരിപ്പോള്‍ മറ്റൊരു ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടികള്‍ അവരുടെ മക്കളായി ആ വീട്ടില്‍ ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. പൂനെ പോലൊരു നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട ആ പെണ്‍കുഞ്ഞുങ്ങളുടെ ജീവിതം മാറിമറിയാന്‍ ഒരു രാത്രി മതിയായിരുന്നു എന്ന ഭീതിയെയാണ് ആ രണ്ടു മനുഷ്യര്‍ ചേര്‍ത്തുപിടിച്ചു സ്‌നേഹമാക്കി മാറ്റിയത്.

മൂത്തകുട്ടി എയ്‌റക്ക് ഹിന്ദി കുറച്ച് അറിയാമെങ്കിലും എല്ലാവരും ഇപ്പോള്‍ തനിമലയാളികള്‍. ഇവര്‍ ഒപ്പംകൂടി അധികം വൈകാതെ തോമസിനും നീനയ്ക്കും ഒരു കുട്ടി പിറന്നിരുന്നു. ഹൃദയപ്രശ്‌നങ്ങളുമായി ആ കുഞ്ഞ് വിടപറഞ്ഞപ്പോള്‍ ആശ്വാസവും പ്രതീക്ഷയുമായി ഒപ്പംനിന്നതും ഈ മക്കളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here