അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ടൊവിനോ ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു നായിക കൂടി; മുത്തുമണിയായി ആദ്യ പ്രസാദ്

തീയ്യേറ്റർ ഓഫ് ​ഡ്രീംസിന്റെ ബാനറിൽ ടൊവീനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പുതിയൊരു നായിക. കായംകുളം സ്വദേശിയും പ്രശസ്ത മോഡലുമായ ആദ്യ പ്രസാദ് ആണ് ഈ ചിത്രത്തിലെ നായികയായി എത്തുന്നത്.

അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തിൽ മുത്തുമണി എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ നിഴൽ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ അവതരിപ്പിച്ചിരുന്നു.

നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായിക കഥാപാത്രത്തിലേക്ക് ആദ്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു. നിഴലിനു ശേഷം നായികയായി ഒരു അവസരം കിട്ടിയതിൽ ഏറെ സന്തോഷത്തിലാണ് ആദ്യ പ്രസാദ്.

ടൊവിനോ പോലെയൊരു താരത്തിന്റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷൻ കഴി‍ഞ്ഞതിനു ശേഷം എന്നെ തിരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ഞാൻ ഏറെ എക്സൈറ്റഡാണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ; ആദ്യ പ്രസാദ് പറഞ്ഞു. ഇവരെക്കൂടാതെ നെടുമുടിവേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

തീയ്യേറ്റർ ഓഫ് ​ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പ്രശസ്ത സംവിധായകൻ ജിനു.വി.എബ്രഹാം ആണ്. പൃഥ്വിരാജിന്റെ കടുവക്ക് ശേഷം ജിനുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്. പ്രശസ്ത ഛായാ​ഗ്രാഹകൻ ​ഗീരീഷ് ​ഗം​ഗാധരൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രമായ കാപ്പയും നിർമ്മിക്കുന്നത് തിയ്യേറ്റർ ഓഫ് ഡ്രീംസ് ആണ്.

അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ ചിത്രത്തിലൂടെ തമിഴിലെ സൂപ്പർ സം​ഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിൽ എത്തുകയാണ്. എഡിറ്റർ സൈജു ശ്രീധർ. കലാസംവിധാനം – മോ​ഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, വസ്ത്രീലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റിൽസ്- ഇബ്സെൻ മാത്യൂസ്, ഡിസൈൻ- ഫോറസ്റ്റ് ഓൾ വെദർ.

കേരളത്തിലെ സിനിമ ചിത്രീകരണത്തിനുളള കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്ന മുറക്ക് ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങാനാണ് പദ്ധതിയെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു. നിയന്ത്രണങ്ങൾ നീണ്ടു പോവുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്കും ചിത്രീകരണം മാറ്റാൻ സാധ്യതയുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here