വ്യാപാരിയെ ഹണി ട്രാപ്പിലൂടെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവം; നാല് പേർ അറസ്റ്റില്‍

എറണാകുളം സ്വദേശിയായ വ്യാപാരിയെ ഹണി ട്രാപ്പിലൂടെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ നാല് പേർ കാഞ്ഞങ്ങാട്ട് അറസ്റ്റിലായി. രഹസ്യ വിവാഹം നടത്തി കിടപ്പറ ചിത്രങ്ങളെടുത്ത ശേഷം ഹണി ട്രാപ്പ് സംഘം വ്യാപാരിയുടെ പണവും സ്വർണവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നു. സംഘത്തിലെ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.

കടവന്ത്ര സ്വദേശിയായ വ്യാപാരിയാണ് കാസർകോട് വിദ്യാനഗർ സ്വദേശിനി സാജിതയുടെ മിസ് കോളിൽ കുടുങ്ങി പണവും സ്വർണവും നഷ്ടപ്പെടുകയും മാനഹാനിക്കിരയാകുകയും ചെയ്തത്. നിരവധി ഹണി ട്രാപ്പ് കേസുകളിൽ പ്രതിയായ സാജിദ വ്യാപാരിയെ കാഞ്ഞങ്ങാട്ടെത്തിച്ച് സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ രഹസ്യവിവാഹ നടകത്തിന് ഇരയാക്കി.

പിന്നീട് കിടപ്പറ ചിത്രങ്ങൾ കാണിച്ച് വ്യാപാരിയെ ബ്ലാക്ക് മെയിൽ ചെയ്തു. മൂന്നേമുക്കാൽ ലക്ഷം രൂപയും ഏഴര പവൻ സ്വർണവും സാജിതയും സംഘവും വ്യാപാരിയിൽ നിന്ന് കൈക്കലാക്കി. പിന്നീട് ബന്ധുക്കൾക്ക് ഫോട്ടോ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടു. വ്യാപാരി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാജിദ ഉൾപ്പടെ 4 പേരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി ബാലകൃഷണൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

സാജിദക്ക് പുറമെ, മേൽപറമ്പ് സ്വദേശി ഉമ്മർ, ഭാര്യ ഫാത്തിമ ,പയ്യന്നൂർ സ്വദേശി ഇഖ്ബാൽ എന്നിവരെയാണ് ഹോസ്ദുർഗ് പൊലീസ് പിടികൂടിയത്. തിരിച്ചറിഞ്ഞ ഹണി ട്രാപ്പ് സംഘത്തിലെ 5 പേരെ കൂടി ഇനി പിടികിട്ടാനുണ്ടെന്നും അവരെ വൈകാതെ അറസ്റ്റ് ചെയ്യാനാകുമെന്നും പൊലീസ് പറഞ്ഞു. അടുത്ത കാലത്തായി കാസർകോട് ജില്ലയിൽ നിരവധി ഹണി ട്രാപ്പ് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here