ADVERTISEMENT
കാബൂളില്‍ വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ സഫിയുല്ല ഹോതക് എന്ന ഡോക്ടറുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ചക്രത്തില്‍ നിന്ന് പിടിവിട്ട് രണ്ടുപേര്‍ താഴെ വീഴുകയായിരുന്നു.
എന്നാല്‍ വിമാനത്തില്‍ നിന്ന് താഴെ വീണ ഇവരുടെ വയറും തലയും പിളര്‍ന്നിരുന്നു. രണ്ട് മൃതദേഹങ്ങളും 49 കാരനായ വാലി സാലികിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മേല്‍ക്കൂരയിലാണ് വീണത്. ട്രക്കിന്റെ ടയര്‍ പൊട്ടിയതുപോലെയുള്ള വലിയ ശബ്ദത്തോടെയാണ് വിമാനത്തില്‍ നിന്ന് വീണ ഇവര്‍ മേല്‍ക്കൂരയില്‍ വന്നു പതിച്ചത്.
ഉച്ചത്തിലുള്ള ശബ്ദം കേട്ടപ്പോള്‍ കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നതായി സാലിക് പറയുന്നു. ടെറസിലേക്ക് ഓടിക്കയറിയപ്പോള്‍ കണ്ട കാഴ്ച്ച, രണ്ട് മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ഭയാനകമായ ഈ കാഴ്ച കണ്ട് ഭാര്യ ബോധരഹിതയായതായി വീണുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്ബോള്‍ താരവുമുണ്ടായിരുന്നു. അഫ്ഗാനിസ്താന്‍ ഫുട്ബോള്‍ ദേശീയ ടീമംഗമായ പത്തൊന്‍പതുകാരന്‍ സാക്കി അന്‍വാരിയാണ് മരിച്ചത്. പതിനാറാം വയസുമുതല്‍ ദേശീയ ജൂനിയര്‍ ടീമംഗമായിരുന്നു സാക്കി.
താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാന്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് സാക്കി അന്‍വാരി കയറിയത്. പറന്നുയരുന്ന വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ താഴേക്ക് പതിക്കുന്നതിന്റെ ദാരുണദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. ഇതില്‍ ഒരാള്‍ സാക്കി അന്‍വാരി ആയിരുന്നുവെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ അമേരിക്കന്‍ വ്യോമസേന വിമാനം (റീച്ച്885) റണ്‍വേ തൊട്ടതും നൂറുകണക്കിനാളുകളാണു വിമാനം വളഞ്ഞ് അതിലേക്കു തൂങ്ങിക്കയറിയത്. വിമാനം വളഞ്ഞ ആളുകളെ സുരക്ഷാസേന നീക്കം ചെയ്ത് വിമാനം പറന്നുയരാന്‍ ശ്രമിക്കുമ്പോഴാണ് ലാന്‍ഡിങ് ഗീയറില്‍ തടസ്സം കണ്ടത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വിമാനത്തിന്‍റെ അടിഭാഗത്തു വീല്‍വെല്ലിനുള്ളില്‍ മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.