പാചകവാതക സബ്സിഡി പിന്‍വലിച്ച്‌ കേന്ദ്രം കൊള്ളയടിച്ചത് 20,000 കോടി

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും മറക്കുകയാണ്. സാധാരണക്കാര്‍ക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കുകയും അത് പാലിയ്ക്കാതിരിക്കുകയും ചെയ്യുകയാണ് മോദി സര്‍ക്കാര്‍ നയം.ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ സബ്സിഡി നിർത്തലാക്കിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. ഈയിനത്തിൽ കഴിഞ്ഞ ഡിസംബർ ആദ്യവാരം വരെ കേന്ദ്രസർക്കാർ കൈയ്ക്കലാക്കിയത് 20, 000 കോടി രൂപയ്ക്കു മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വർഷം ജൂൺ മുതലാണ്, പ്രത്യേക ഉത്തരവോ കാരണമോ ഇല്ലാതെ സബ്സിഡി പെട്ടന്ന് നിർത്തലാക്കിയത്. എന്നാൽ, അതിനു മുന്പു തന്നെ അനേകം കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. സബ്സിഡിയുള്ള പാചക വാതകത്തിന്റെയും ഇല്ലാത്തതിന്റെയും നിരക്ക് തുല്യ നിലയിൽ വന്നപ്പോഴാണ് ജൂണിൽ സബ്സിഡി നിർത്തലാക്കിയത്.

ആനുകൂല്യത്തിൽ ആശ്വാസം കണ്ടിരുന്ന വലിയ വിഭാഗം ജനങ്ങൾക്ക് അത് ഇരുട്ടടിയായി. ഭർത്താവിനും ഭാര്യയ്ക്കും കൂടിയുള്ള വാർഷിക വരുമാനം 10 ലക്ഷം രൂപയിൽ കവിയാത്ത 26 ലക്ഷം കുടുബങ്ങൾക്കാണ് 157 രൂപ സബ്സിഡിയിൽ പാചകവാതകം നൽകിയിരുന്നത്.

2020-21 ൽ പെട്രോളിയം സബ്സിഡിയായി ബജറ്റിൽ വകയിരുത്തിയിരുന്നത് 40, 915 കോടി രൂപയാണ്. ഈ സാന്പത്തിക വർഷം അത് 14,000 കോടിയായി കുത്തനെ ഇടിഞ്ഞു. അപ്പോൾ മുതൽ പാചകവാതക സബ്സിഡിയുടെ കാര്യത്തിൽ താളപ്പിഴ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.

ജൂൺ മാസമായതോടെ പൂർണ്ണമായി വിതരണം നിലയ്ക്കുകയും ചെയ്തു.പാചക വാതക സബ്സിഡി പിൻവലിച്ചതിലൂടെ ആറു മാസം കൊണ്ടു മാത്രം കൈയ്ക്കലാക്കാനായ സംഖ്യയുടെ വലുപ്പം ഇക്കാര്യത്തിൽ കേന്ദ്രത്തിനു പ്രേരണയാണ്.

പാചക വാതക സബ്സിഡി നിർത്തലാക്കിയതോടെ പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള ആനുകൂല്യം ഏതാണ്ട് പൂർണ്ണമായിത്തന്നെ ഇല്ലാതായി. ബിപിഎൽ കാർഡുകർക്ക് റേഷൻ കടവഴി മൂന്നു മാസത്തിലൊരിക്കൽ വിതരണം ചെയ്യുന്ന നാമമാത്രമായ മണ്ണെണ്ണയുടെ വിലയും കൂടിയിട്ടുണ്ട്.എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഇത്തരത്തില്‍ ജനങ്ങളെ വഞ്ചിയ്ക്കുന്നത് തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here