ലക്ഷദ്വീപിലെ ഉന്നത പഠന രംഗത്തും കൈകടത്തി അഡ്‌മിനിസ്‌ട്രേഷൻ

ലക്ഷദ്വീപിൽ കാലിക്കറ്റ്‌ സർവകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സുകളും അറബിക്‌ ബിരുദ കോഴ്‌സും നിർത്തലാക്കിയത്‌ ഗുജറാത്തിലെ ഒരു സർവകലാശാലയ്‌ക്ക് വേണ്ടിയെന്ന്‌ സൂചന. ലക്ഷദ്വീപിൽ വർഗീയ അജണ്ട നടപ്പാക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദേശപ്രകാരമാണ്‌ കാലിക്കറ്റ്‌ സർവകലാശാലയുടെ കവരത്തി, ആന്ത്രോത്ത്‌, കടമാത്ത്‌ സെന്ററുകളിൽ കോഴ്‌സുകൾ നിർത്തലാക്കിയത്‌. ബിരുദാനന്തര ബിരുദ കോഴ്‌സുകളായ അറബിക്‌, ഇംഗ്ലീഷ്‌, പൊളിറ്റിക്കൽ സയൻസ്‌, അക്വാട്ടിക്‌ കൾച്ചർ, മാത്തമാറ്റിക്‌സ്‌ എന്നിവയും ബിരുദ കോഴ്‌സായ അറബിയുമാണ്‌ നിർത്തലാക്കിയത്‌.

കാലിക്കറ്റ്‌ സർവകലാശാലയുടെ കോഴ്‌സുകൾക്ക്‌ അക്കാദമിക്‌ നിലവാരം പോരെന്നാണ്‌ അഡ്‌മിനിസ്‌ട്രേഷന്റെ കണ്ടെത്തൽ. പകരം ടൂറിസവുമായി ബന്ധപ്പെട്ടതും തൊഴിലധിഷ്ഠിതവുമായ മറ്റു കോഴ്‌സുകൾ തുടങ്ങും. നിർത്തലാക്കിയ വിഷയങ്ങൾ പഠിക്കേണ്ടവർ കേരളത്തിൽ പോകട്ടെ എന്നാണ്‌ അഡ്‌മിനിസ്‌ട്രേഷന്റെ വിശദീകരണം. പ്രഫുൽ പട്ടേലിന്റെ നിർദേശപ്രകാരം കോഴ്‌സുകൾ അവസാനിപ്പിക്കാൻ അഡ്‌മിനിസ്‌ട്രേഷൻ കാലിക്കറ്റ്‌ സർവകലാശാലയോട്‌ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞദിവസം ചേർന്ന സർവകലാശാല സിൻഡിക്കറ്റ്‌ കോഴ്‌സുകൾ അവസാനിപ്പിക്കാനും തീരുമാനിച്ചു.

ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷൻ പുതുതായി തുടങ്ങാൻ പോകുന്ന തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ ഗുജറാത്ത്‌ ആസ്ഥാനമായ ഒരു സർവകലാശാല നടത്തുന്നവയാണെന്ന്‌ സൂചനയുണ്ട്‌. അവരുമായി നേരത്തേ ഇക്കാര്യത്തിൽ ധാരണയുണ്ടാക്കിയിരുന്നതായും ലക്ഷദ്വീപിലെ വിദ്യാർഥി സംഘടനകൾ ആരോപിച്ചു. ടൂറിസം അധിഷ്‌ഠിത കോഴ്‌സുകൾക്ക്‌ എൻഡിഎ ഭരിക്കുന്ന പുതുച്ചേരിയിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയുമായും ധാരണയിലെത്തിയിട്ടുണ്ട്‌.

ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള കോഴ്‌സാണ്‌ ബിഎ അറബിക്‌. 16 വർഷമായി നടത്തുന്ന കോഴ്‌സിൽ പ്രതിവർഷം മുപ്പതോളം വിദ്യാർഥികൾ ചേരുന്നുണ്ട്‌. അതുപോലെ അക്വാട്ടിക് കൾച്ചർ കോഴ്‌സിനും ധാരാളം വിദ്യാർഥികളുണ്ട്‌.

ആറുവർഷം മുമ്പാണ്‌ അറബിക്‌ ബിരുദാനന്തര ബിരുദ കോഴ്‌സ്‌ തുടങ്ങിയത്‌. അറബിക്കിൽ ധാരാളം പെൺകുട്ടികൾ ഉന്നതപഠനം നടത്തുകയും കേരളത്തിൽ ഉൾപ്പെടെ ജോലി നേടുകയും ചെയ്യുന്നുണ്ട്‌. ഈ സാഹചര്യത്തിൽ അഡ്‌മിനിസ്‌ട്രേറ്റർ നടപ്പാക്കുന്ന വർഗീയ അജൻഡയുടെ ഭാഗമായാണ്‌ ഈ കോഴ്‌സുകൾ നിർത്തലാക്കുന്നതെന്ന്‌ വിലയിരുത്തുന്നു.

ബിരുദാനന്തര കോഴ്‌സുകൾ നിർത്തുന്നതോടെ ലക്ഷദ്വീപിലെ വിദ്യാർഥികളുടെ ഉന്നതപഠനം വഴിമുട്ടും. നേരത്തേ കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസവകുപ്പിന്റെ ഓഫീസ്‌ പൂട്ടിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും വിവിധ കോളേജുകളിൽ പഠിക്കുന്ന ലക്ഷദ്വീപ്‌ വിദ്യാർഥികൾക്ക്‌ അത്‌ തിരിച്ചടിയായിരുന്നു. സ്‌കോളർഷിപ്പുകൾക്കും മറ്റും ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഓഫീസിൽ പോകേണ്ട സ്ഥിതിയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News