കേന്ദ്രസര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് തയ്യാറായി പ്രതിപക്ഷ പാര്‍ട്ടികള്‍

കേന്ദ്രസർക്കാരിനെതിരെ ഒരുമിച്ച് പരസ്യപ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേർത്ത വെർച്വൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

സെപ്റ്റംബർ 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് പ്രതിപക്ഷം സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ഓരോ പാർട്ടികളുടേയും സംസ്ഥാന ഘടകങ്ങളായിരിക്കും പ്രതിഷേധത്തിന്റ ശൈലി തീരുമാനിക്കുക. ഹർത്താൽ, ധർണ്ണകൾ തുടങ്ങിയ പ്രതിഷേധ പരിപാടികൾക്കാണ് യോഗം തീരുമാനത്തിലെത്തിയിരിക്കുന്നത്.2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒരേ മനസ്സോടെ നേരിടുക എന്നതായിരിക്കണം പ്രതിപക്ഷ ഐക്യത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അതിനായി സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനയുടെ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന ഒരു ഗവൺമെന്റ് രാജ്യത്തിന് നൽകണം എന്ന ലക്ഷ്യത്തോടെ ഏകമനസ്സോടെ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ആരംഭിക്കേണ്ടതുണ്ടെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

ഇത് ഒരു വെല്ലുവിളിയാണെന്നും എന്നാൽ നമുക്ക് ഒരുമിച്ച് അതിലേക്ക് ഉയരാമെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഒരുമിച്ച് പ്രവർത്തിക്കുക എന്നതിന് ഒരു ബദലും ഇല്ല. നമുക്കെല്ലാവർക്കും പല നിർബന്ധങ്ങളുണ്ട്, പക്ഷേ നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടി നാം അവയെ മറികടക്കേണ്ട സമയം വന്നിരിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവർ ഒത്തുചേർന്ന് ഒരു ‘സമയബന്ധിതമായ പ്രവർത്തന പരിപാടി’ ആവിഷ്‌കരിക്കണമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ഇന്ത്യയിലെ നിലവിലെ സാഹചര്യം വളരെ ഇരുണ്ടതാണെന്നും നിരവധി പ്രശ്നങ്ങൾ രാജ്യം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here