ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുരുന്നുകള്‍ക്ക് ഇതവരുടെ അച്ഛന്‍മാരെ നഷ്ടപ്പെട്ട ആദ്യത്തെ ഓണം

കഴിഞ്ഞ കൊല്ലത്തെ തിരുവോണത്തിന്റെ തലേദിവസമാണ് വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം അരുംകൊല ചെയ്തത്. ആ അരുംകൊലയുടെ ആവര്‍ത്തിച്ചുളള ഓര്‍മ്മപെടുത്തലാണ് കഴിഞ്ഞ് പോകുന്ന ഒരോ ഓണകാലവും ഈ കുടുംബങ്ങള്‍ക്ക്.

മലയാളിക്ക് ഓണം സന്തോഷത്തിന്റെയും കൂടിച്ചേരലിന്റെയും ആഘോഷമാണെങ്കില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദിന്റെയും, മിഥിലാജിന്റെയും വീടുകളിലെ കുരുന്നുകള്‍ക്ക് ഇതവരുടെ അച്ഛന്‍മാരെ നഷ്ടപ്പെട്ട ആദ്യത്തെ ഓണമാണ്

ഹഖ് മുഹമ്മദിന്റെ തേമ്പാമൂട്ടിലെ വീട്ടില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ ഹഖിന്റെ മകള്‍ രണ്ട് വയസുകാരി ഐറാ ദനീന്‍ തൊട്ടിലില്‍ സുഖമായി ഉറങ്ങുകയായിരുന്നു. അപരിചിതരായവരെ കണ്ടത് കൊണ്ടാവണം കുഞ്ഞിന്റെ കണ്ണില്‍ പേടികലര്‍ന്ന പരിഭ്രമം. പിന്നെ ഹഖിന്റെ ആത്മസുഹൃത്ത് ഷാനിന്റെ തോളിലേക്ക് വലിഞ്ഞ് കയറി. ഹഖിന്റെ വാപ്പ അബ്ദുള്‍ സമദ് പളളിയില്‍ പോയിരിക്കുകയായിരുന്നു. ഉമ്മ ഷാഹിദാ ബീവിയുടെ കണ്ണീര് ഇനിയും തോര്‍ന്നിട്ടില്ല.

രണ്ടാഴ്ച്ചക്ക് മുന്‍പാണ് ഹഖിന്റെ ഭാര്യ നജ്‌ലക്ക് സഹകരണബാങ്കില്‍ ജോലി ലഭിച്ചത്. വാപ്പക്കൊപ്പം വീട്ടിലേക്ക് കയറിവന്ന നജ്‌ലയുടെ കൈയില്‍ 8 മാസം പ്രായമുളള മകന്‍ മുഹമ്മദ് ഹാഫിസും ഉണ്ടായിരുന്നു. അനിയനെ കണ്ടതോടെ ചേച്ചിയുടെ മൂഡെല്ലാം മാറി. അച്ചനില്ലാത്ത കുറവ് അറിയിക്കാതെ വളര്‍ത്തേണ്ട ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത് പോലെ ഐറാ ഹാഫിസിനെ കൊഞ്ചിച്ചു

ഹഖിക്കിന്റെ മകന്‍ മുഹമ്മദ് ഹഫീസിന്റെ ആദ്യത്തെ ഓണമാണിത്. വാപ്പ വാങ്ങി നല്‍കുന്ന പുതുവസ്ത്രങ്ങളുടെ മോടിയോ, പൂക്കളങ്ങളുടെ നിറഭംഗിയോ ഇല്ലതെ ഒരു സാധാരണദിവസമായി ഈ കുഞ്ഞുങ്ങളുടെ ഓണക്കാലം കടന്ന് പോകും. അകത്തെ മുറിയിലേക്ക് കയറി വാതിലടച്ച ഹഖിന്റെ ഭാര്യ നജ്‌ലയുടെ തോരാകണ്ണീരിന് മുന്നിലേക്ക് മൈക്ക് നീട്ടാന്‍ മനസ് അനുവദിച്ചില്ല. മരുമകള്‍ക്കും ഹഖിന്റെ ഉമ്മാക്കും വേണ്ടി ഹതഭാഗ്യനായ പിതാവ് അബ്ദുള്‍ സമദ് സംസാരിച്ചു

പൊട്ടിപോയതെല്ലാം തുന്നിചേര്‍ക്കാന്‍ തുടങ്ങുന്നതേ ഉളളു അകാലവൈധവ്യം സംഭവിച്ച നജ്‌ലയും, നസീഹയും. ഇരുവരും ഇപ്പോള്‍ സഹകരണ ബാങ്കിലെ ജോലിക്ക് പോകുന്നുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷിതമായ ജീവിതത്തിന് തൊഴില്‍ ഒരനിവാര്യതയാണെന്ന തിരിച്ചറിവ് ആണ് ഇന്ന് ഈ രണ്ട് യുവതികളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

മിഥിലാജിന്റെ വീട്ടില്‍ ഞങ്ങള്‍ ചെല്ലുമ്പോള്‍ വാപ്പ അബ്ദുള്‍ ബഷീറും, ചേട്ടന്‍ നിസാമും മാത്രമായിരുന്നു ഉണ്ടായിരുന്നത് . മിഥിലാജിന്റെ ഭാര്യ നസീഹയും മക്കളായ മുഹമ്മദും, അഹമ്മദും അമ്മ വീട്ടില്‍ പോയിരിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ഇരുവരും വീട്ടിലേക്ക് തിരിച്ച് വരും. ഏട്ടും ആറും വയസുളള ആ കുരുന്നുകള്‍ക്കും ഓണം പേടിപെടുത്തുനോര്‍മ്മയാണ്.

തിരുവോണ സദ്യയോ, പൂക്കളമോ ,പുതുവസ്ത്രങ്ങളോ ഇല്ലാത്ത നിറം മങ്ങിയ ഓണകാലമാണ് ഹഖിന്റെയും മിഥിലാജിന്റെയും കുടുംബത്തിന് . നാടിന്റെ ഏത് പ്രശ്‌നത്തിലും എന്നും മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഈ ചെറുപ്പക്കാര്‍ക്ക് വേണ്ടി നിര്‍ധനമായ ഒരു കുടുംബത്തിന് വീട് വെച്ച് നല്‍കുകയാണ് തേമ്പാമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

ഹക്കും , മിഥിലാജും കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ആഗസ്റ്റ് 30 ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് വീടിന് തറകല്ലിടും. ഹഖിന്റെയും മിഥിലാജിന്റെയും ചോരകൊണ്ട് പൂക്കളം ഒരുക്കിയ കൊലയാളി സംഘം ഇന്നും ജയിലില്‍ തന്നെ തുടരുന്നത് കൊണ്ട് നാട്ടില്‍ സമാധാനം ഉണ്ട്.

എന്നാലും രക്തസാക്ഷി ദിനം പ്രമാണിച്ച് പൊലീസ് കര്‍ശനമായ പരിശോധനകള്‍ നടത്തുന്നുണ്ട്. എല്ലാ വീടുകള്‍ക്കും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഒഴികെ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തന സ്വാതന്ത്രമില്ലാതിരുന്ന തേമ്പാമൂട്ടില്‍ ഡിവൈഎഫ്‌ഐയിലേക്ക് കോണ്‍ഗ്രസ് കുടുംബത്തിലെ ചെറുപ്പകാര്‍ ആകൃഷ്ടരായതാണ് ക്രൂരമായ ഇരട്ടകൊലപാതകത്തിലേക്ക് നയിച്ചത്. ആ അരും കൊലയുടെ ആവര്‍ത്തിച്ചുളള ഓര്‍മ്മപ്പെടുത്തലാണ് ഈ കുടുംബങ്ങള്‍ക്ക് ഒരോ ഓണകാലവും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News