താലിബാനിൽ നിന്ന് മൂന്ന് ജില്ലകൾ മോചിപ്പിച്ചതായി റിപ്പോർട്ട്

താലിബാൻ ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം തുടരുന്നു. ബാഗ്ലാൻ പ്രവിശ്യയിൽ മൂന്ന് ജില്ലകൾ താലിബാനിൽ നിന്ന് മോചിപ്പിച്ചതായി റിപ്പോർട്ട്. അഫ്ഗാൻ കുടിയേറ്റക്കാരെ സംരക്ഷിക്കാൻ തയ്യാറായി കൂടുതൽ രാജ്യങ്ങൾ. ചരിത്രത്തിലെ ദുഷ്കരമായ രക്ഷാദൗത്യമാണ് അഫ്ഗാനിലേതെന്ന് ജോ ബൈഡൻ. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി രണ്ടാമത്തെ വ്യോമസേനാവിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു.

താലിബാൻ ഭരണകൂടത്തിനെതിരെ അഫ്ഗാനിൽ ജനകീയ പ്രതിഷേധം തുടരുകയാണ്. ബാഗ്ലാൻ പ്രവിശ്യയിലടക്കം മൂന്ന് ജില്ലകൾ താലിബാനിൽ നിന്ന് മോചിപ്പിച്ചതായാണ് റിപ്പോർട്ട്. പൊൾ-ഇ-ഹേസർ, ബാനു, ദേ സലാ എന്നീ ജില്ലകളാണ് ജനകീയ പ്രതിഷേധത്തിൽ സ്വതന്ത്രമായത്. ഖെയ്ർ മുഹമ്മദ് അന്തറബിയുടെ നേതൃത്വത്തിലുള്ള ജനകീയ രക്ഷാസേന നാല്പത് താലിബാൻ തീവ്രവാദികളെ വധിച്ചതായും റിപ്പോർട്ടുണ്ട്.

ആഗസ്റ്റ് 31 എന്ന സമയപരിധിക്ക് ശേഷവും അഫ്ഗാൻ കുടിയേറ്റക്കാരെ രക്ഷപ്പെടുത്താൻ താലിബാൻ നേതൃത്വം സമ്മതമറിയിച്ചിട്ടുണ്ടെന്ന് അമേരിക്ക അറിയിച്ചു. ജൂലൈ വരെ പതിനെട്ടായിരത്തോളം പേരെ രക്ഷപ്പെടുത്തിയെന്നും ചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ രക്ഷാദൗത്യമാണിതെന്നും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ട്വീറ്റ് ചെയ്തു. യുഎഇ, ഖത്തർ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അഭയാർഥികളെ സ്വീകരിക്കുന്നുണ്ട്. അഫ്ഗാനിൽ നിന്ന് രക്ഷപ്പെട്ടെത്തുന്നവരെ സ്വീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറാകണമെന്ന് യുണൈറ്റഡ് നേഷൻസ് റെഫ്യൂജി ഏജൻസി അഭ്യർഥിച്ചു. കാബൂൾ എയർപോർട്ടിൻറെ മുള്ളുവേലികൾക്ക് മുകളിലൂടെ അമേരിക്കൻ സൈനികർക്ക് സ്വന്തം കുട്ടികളെ എറിഞ്ഞുകൊടുക്കേണ്ട ഗതികേടിലാണ് അഫ്ഗാൻ ജനത.

താലിബാൻ ഔദ്യോഗിക സന്ദേശം നൽകിയിരുന്ന വെബ്സൈറ്റുകൾ ഓഫ് ലൈനായി. പഷ്തോ, ഉറുദു, അറബി, ഇംഗ്ലീഷ്, ദാരി ഭാഷകളിലുള്ള സൈറ്റുകളാണ് പൂട്ടിയത്. അഫ്ഗാൻ പിടിച്ചെടുത്ത വാർത്ത വിജയമായി വിശേഷിപ്പിച്ച് താലിബാൻ സന്ദേശം നൽകിയത് ഈ സൈറ്റുകളിലാണ്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ക്ലൗഡ്ഫ്ലെയറെന്ന സ്ഥാപനമാണ് സൈറ്റുകൾ പൂട്ടിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News