ഓണക്കിറ്റ്‌ വാങ്ങിയത്‌ 70 ലക്ഷം പേർ; അടുത്ത പ്രവൃത്തി ദിനവും കിറ്റ്‌ ലഭിക്കും

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ 70 ലക്ഷം പേർ വാങ്ങി. 80–85 ലക്ഷം കാർഡുടമകളാണ്‌ സാധാരണ ഭക്ഷ്യക്കിറ്റ്‌ വാങ്ങാറ്‌. ഇതുപ്രകാരം പതിനഞ്ച്‌ ശതമാനത്തോളം പേർ മാത്രമാണ്‌ ഇനി കിറ്റ്‌ വാങ്ങാനുള്ളത്‌. ഭൂരിഭാഗം പേർക്കും കിറ്റ്‌ കിട്ടിയില്ലെന്ന പ്രചാരണം ഇതോടെ പൊളിഞ്ഞു.

വെള്ളിയാഴ്‌ച വൈകിട്ട്‌ വരെയുള്ള കണക്കുപ്രകാരം 70 ലക്ഷത്തോളം പേർ കിറ്റ്‌ വാങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ്‌ കൂടുതൽ പേരും വാങ്ങിയത്‌. നഗരങ്ങളിലെ റേഷൻ കടകളിൽ കാര്യമായ തിരക്ക്‌ അനുഭവപ്പെട്ടില്ല. മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക്‌ നേരത്തേ കിറ്റ്‌ വിതരണം ചെയ്‌തിരുന്നു. കിറ്റ്‌ വാങ്ങാത്ത എല്ലാവർക്കും അടുത്ത പ്രവൃത്തി ദിനം കിറ്റ്‌ ലഭിക്കും.

ചില സ്ഥലങ്ങളിൽ കശുവണ്ടിപ്പരിപ്പ്‌, ശർക്കര വരട്ടി എന്നിവ തികയാതെ വന്നത്‌ വിതരണം വൈകിപ്പിച്ചു. ഇത്തരം സ്ഥലങ്ങളിൽ ഒരു കിലോ പഞ്ചസാരയും ആട്ടയും ഉൾപ്പെടുത്തി കിറ്റ്‌ വിതരണം പൂർത്തീകരിച്ചു. കിറ്റ്‌ വിതരണം വൈകാതിരിക്കാനും പരാതി പരിഹരിക്കാനും ഭക്ഷ്യമന്ത്രിയുടെ ഓഫീസ്‌ പ്രത്യേക സെൽ രൂപീകരിച്ചിരുന്നു.

ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രത്യേക പരിശോധന നടന്നു. ഗുണനിലവാരമില്ലാത്ത 18 ലോഡ്‌ സാധനം തിരിച്ചയച്ചു. കിറ്റ്‌ വിതരണത്തിന്‌ സഹകരിച്ച സിവിൽ സപ്ലൈസ്‌, സപ്ലൈകോ ജീവനക്കാരെയും റേഷൻ വ്യാപാരികളെയും മന്ത്രി ജി ആർ അനിൽ അഭിനന്ദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News