അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് വാതില്‍ തുറന്ന് യു എ ഇയും കാനഡയും

അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്നറിയിച്ച് കാനഡയും യു എ ഇയും. അമേരിക്കയുടെ ആവശ്യപ്രകാരമാണ് ഇരു രാജ്യങ്ങളും സഹായവുമായി വന്നിരിക്കുന്നത്.

അമേരിക്കയോ മറ്റ് സഖ്യരാഷ്ട്രങ്ങളോ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് തങ്ങള്‍ തയ്യാറാണെന്ന് കാനഡയുടെ ഇമിഗ്രേഷന്‍ വിഭാഗം മന്ത്രി മാര്‍ക്കോ മെന്‍ഡിസിനോ വെള്ളിയാഴ്ച അറിയിച്ചു. ‘എല്ലാ സാധ്യതകളിലേക്കും നമ്മള്‍ വാതില്‍ തുറന്നിടണം,” മെന്‍ഡിസിനോ പറഞ്ഞു.

വ്യാഴാഴ്ച 175 അഫ്ഗാനികളെയും 13 വിദേശ പൗരന്മാരെയും കാനഡ ഒഴിപ്പിച്ചിരുന്നു. ഇതുവരെ ഏകദേശം 1000 പേരെ കാനഡ അഫ്ഗാനില്‍ നിന്നും ഒഴിപ്പിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

20000 അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനുള്ള സഹായം നല്‍കുമെന്നും കഴിഞ്ഞയാഴ്ച കാനഡ ഉറപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഭാഗം കൂടിയാണ് കാനഡ.2011ല്‍ കാനഡ തങ്ങളുടെ സൈന്യത്തിന്റെ വലിയൊരു ഭാഗത്തെ അഫ്ഗാനില്‍ നിന്നും പിന്‍വലിച്ചിരുന്നു. എന്നാല്‍ നാറ്റോയുടെ ദൗത്യത്തിന്റെ ഭാഗമായി 2014 വരെ കാനഡ അഫ്ഗാന്‍ സൈന്യത്തെ പരിശീലിപ്പിച്ചിരുന്നു.

സെപ്റ്റംബറില്‍ കാനഡയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഫ്ഗാനികളെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നീക്കം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അമേരിക്കയുടെ അഭ്യര്‍ത്ഥന പ്രകാരം താല്‍ക്കാലികമായി അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുകയാണ് ഗള്‍ഫ് രാജ്യമായ യു എ ഇയും. ‘വരും ദിവസങ്ങളിലായി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും അഭയാര്‍ത്ഥികള്‍ അമേരിക്കന്‍ വിമാനത്തില്‍ യു എ ഇയില്‍ എത്തും,” യു എ ഇ വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു.

5000 അഫ്ഗാന്‍കാരെ 10 ദിവസത്തേക്ക് താല്‍ക്കാലികമായി സ്വീകരിക്കാനാണ് യു എ ഇ തയ്യാറായിരിക്കുന്നത്. മറ്റൊരു രാജ്യത്തേക്കുള്ള യാത്രക്കിടെ തങ്ങാനുള്ള സൗകര്യമായിരിക്കും യു എ ഇ ഒരുക്കുക എന്നും റോയിട്ടേഴ്‌സിന് നല്‍കിയ പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.
ഇതുവരെ അഫ്ഗാനില്‍ നിന്നും 8500 പേരെ ഒഴിപ്പിക്കുന്നതിന് യു എ ഇ സഹായിച്ചിട്ടുള്ളതായും മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു.

അഫ്ഗാനില്‍ നിന്നും പുറത്തുവരുന്ന അഭയാര്‍ത്ഥികളെ പ്രധാനമായും ഖത്തര്‍ കേന്ദ്രമായ ക്യാമ്പുകളിലാണ് താമസിപ്പിക്കുന്നത്. ഈ ക്യാമ്പുകളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ളവര്‍ക്ക് താമസസൗകര്യം ഒരുക്കാന്‍ തയ്യാറാകുമെന്ന് അമേരിക്കന്‍ അധികൃതരും അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News