ഇത്തവണയും പതിവുതെറ്റിയില്ല; 101 കൂട്ടം കറികളുമായി സദ്യയുണ്ട് ശാസ്താംകോട്ടയിലെ വാനരസംഘം

പതിവ് തെറ്റിയില്ല ഇക്കുറിയും കൊല്ലം ശാസ്താംകോട്ടയില്‍ വാനരന്മാര്‍ക്ക് ഇത്തവണയും ഓണസദ്യ നല്‍കി. മുതിര്‍ന്ന വാനരന്മാരായ സോമന്റേയും പുഷ്‌കരന്റേയും നേതൃത്വത്തില്‍ ക്ഷേത്ര കുരങ്ങന്മാര്‍ സദ്യ ഉണ്ട് ആഹ്ലാദിച്ചു. തൂശനിലയില്‍ ചോറുവിളമ്പി പരിപ്പും പപ്പടവും അവിയലും തൊടുകറികളും പായസവുമായി വാനരന്മാരുടെ ഓണ സദ്യ കെങ്കേമമായി.

ശാസ്താംകോട്ടയിലെ ക്ഷേത്രക്കുരങ്ങുകള്‍ക്ക് ഭക്തജനങ്ങളുടെ വകയായി ഉത്രാടത്തിനും തിരുവോണത്തിനും നല്‍കുന്ന സദ്യ പ്രസിദ്ധമാണ്. ഇലനിരത്തി വിഭവങ്ങള്‍ വിളമ്പി വാനരന്മാരെ വിളിക്കുകയാണ് പതിവ്. കൊവിഡിന്റെ കാലത്തും പതിവ് തെറ്റിയില്ല. 101 കൂട്ടം കറികള്‍ വിളമ്പി വാനരഭോജന ശാലയില്‍ സദ്യ തയ്യാറാക്കി വച്ചു.

സംഘത്തിലെ മുതിര്‍ന്നവരായ സോമനും പുഷ്‌ക്കരനുമാണ് ആദ്യമായി സദ്യ കഴിക്കാനെത്തിയത്. ഇവര്‍ക്ക് പിന്നാലെ മറ്റുള്ളവര്‍ കൂടി എത്തി. തമ്മില്‍ തല്ലിയും കലഹിച്ചും വാനരന്‍മാര്‍ സദ്യ കഴിച്ചപ്പോള്‍ അത് കാഴ്ചക്കാര്‍ക്കും കൗതുകമായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശാസ്താംകോട്ട ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന ചടങ്ങാണ് വാനര സദ്യ.

അതേസമയം ക്ഷേത്ര കുരങ്ങന്മാരുടെ നിയമങള്‍ പാലിക്കാത്ത കുരങന്മാര്‍ക്ക് അവര്‍ തന്നെ ഭ്രഷ്ട് കല്‍പ്പിച്ചതോടെ പുറത്താക്കപ്പെട്ട ചന്തകുരങന്മാര്‍ ചേര്‍ന്ന് ചന്തകുരങ്ങന്മാരുടെ മറ്റൊരു സംഘം രൂപം കൊണ്ടു. ഈ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘടനം പതിവാണ്. ഇനിയെങ്കിലും വിവേചനമില്ലാതെ ചന്തകുരങ്ങന്മാര്‍ക്കും ഓണസദ്യ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News